കാസർകോട്: കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ ഗുണ്ടാ ആക്രമണം. അക്രമം നടത്തിയ ഗുണ്ട ബോവിക്കാനം ആലൂർ സ്വദേശി റഫീഖിന്റെ മകൻ മുനീർ എന്ന മുന്നയെ പൊലീസ് പിടികൂടി. വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു സംഭവം.

കാസർകോട് ദേശീയ പാതയിലുള്ള ഹൈവേ കസ്റ്റ്ൽ ബാറിനു മുമ്പിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം പിടിച്ചു വാങ്ങിയിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോയ പൊലീസുകാർക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടർന്ന് സംഭവസ്ഥലത്തെത്തിയ എസ്‌ഐയെ ആക്രമിച്ചെ ങ്കിലും പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തി.

ആക്രമണത്തിൽ എസ് ഐ വിഷ്ണുപ്രസാദ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ ബാബുരാജ് സിപിഒ ഡ്രൈവർ സജിത് കുമാർ, സനീഷ് ജോസഫ് എന്നിവർക്ക് പരിക്കേറ്റു. എസ് ഐ വിഷ്ണു പ്രസാദിന്റെ തലയിൽ കാറിന്റെ വൈപ്പർ കൊണ്ടുള്ള അടിയിൽ പരിക്കേറ്റപ്പോൾ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ബാബുരാജിന്റെ കഴുത്തിലാണ് പരിക്കേറ്റത്. സിപി ഓ ഡ്രൈവറായ സനീഷ് ജോസഫിന്റെ കഴുത്തിനും ചെവിക്കും ആണ് പരിക്കേറ്റത്. സജിത കുമാറിന്റെ കൈകൾക്കും പരിക്കേറ്റു.

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മാത്രം പത്തോളം കേസുകളിൽ പ്രതിയാണ് മുന്ന എന്ന മുനീർ. ഐപിസി 353 332 പ്രകാരം കൃത്യനിർവഹണത്തിന് തടസ്സം നിന്നതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്