- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തളിപ്പറമ്പിൽ കാറിൽ വൻകഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് പരിയാരം സ്വദേശി

തളിപ്പറമ്പ്: കാറിൽ കടത്തുകയായിരുന്ന വൻകഞ്ചാവ് ശേഖരവുമായി പരിയാരം സ്വദേശിയായ യുവാവ് അറസ്റ്റിലായി. പരിയാരം സ്‌കൂളിന് സമീപം താമസിക്കുന്ന ചേരൻവീട്ടിൽ സി. എ. അശ്വിൻരാജിനെയാ(23)ണ് എക്സൈസ് ഇൻസ്പെക്ടർ ഹേമന്ത്കുമാറും സംഘവും പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കാറിൽ കഞ്ചാവ് ശേഖരവുമായി ഒരാൾ വരുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ രജിരാഗിന് ലഭിച്ചതിനെ തുടർന്നാണ് റെയ്ഡു നടത്തിയത്.
ഇതിനുസരിച്ച് ചൊവ്വാഴ്‌ച്ച രാത്രി പത്തരയോടെ ചെറുകുന്നിൽ നിന്നും പഴയങ്ങാടി എരിപുരം വഴി രാമപുരത്തേക്ക് പോവുകയായിരുന്ന കാർ എക്സൈസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.യുവാവ് സഞ്ചരിച്ച മാരുതി കാറിൽ നിന്നും 4.300 കിലോഗ്രാം ഉണക്കകഞ്ചാവാണ് സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് ആന്ധ്രയിൽ നിന്നും മൊത്തമായി കഞ്ചാവ് കൊണ്ടുവന്ന് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യെമെന്ന് വ്യക്തമായിട്ടുണ്ട്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് തൂണോളി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജിതേഷ്, പി.വി രാഹുൽ, വി.വി ശ്രീജിൻ എന്നിവരും പങ്കെടുത്തു. ഇയാൾ സഞ്ചരിച്ചകാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


