തിരുവനന്തപുരം: വർക്കലയിൽ വൻ ലഹരിമരുന്ന് വേട്ട. പൊലീസിന്റെയും ഡാൻസഫ് ടീമിന്റെയും നർക്കോട്ടിക് വിഭാഗത്തിന്റെയും സംയുക്ത മിന്നൽ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎ യും പിടിച്ചെടുത്തു. വർക്കല സൗത്ത് ക്ലിഫിൽ പെരുംകുളത്തിന് സമീപം പ്രവർത്തിക്കുന്ന ജംഗിൾ ക്ലിഫ് റിസോർട്ടിലെ കോട്ടേജിൽ നിന്നുമാണ് 7 കിലോ കഞ്ചാവും 0.9 ഗ്രാം എംഡിഎംഎ യുമാണ് പിടിച്ചെടുത്തത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് ഡി വൈ എസ് പി രാസിത് ന്റെ നേതൃത്വത്തിൽ ആണ് ഉച്ചയോടെ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ റിസോർട്ട് ഉടമയും ഒരു പെൺകുട്ടിയും അടക്കം 10 പേരാണ് പൊലീസ് പിടിയിലായത്.

വർക്കല സ്വദേശികൾ ആയ ഷൈജു എന്ന് വിളിക്കുന്ന സഞ്ജു, വിഷ്ണു, നാച്ചു എന്ന് വിളിക്കുന്ന നാദിർഷാ, സലിം , സൽമാൻ , കൊല്ലം പരവൂർ സ്വദേശികളായ നിഷാദ്, കൃഷ്ണപ്രിയ, സന്ദേശ്, പോത്തൻകോട് സ്വദേശി ആഷിഖ് , കല്ലറ സ്വദേശി സൽമാൻ എന്നിവർ ആണ് പൊലീസ് പിടിയിലായത്.

സൽമാന്റെ ഉടമസ്ഥതയിൽ ഉള്ള റിസോർട്ടിൽ വച്ചു വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്. സംഘത്തിൽ ഉണ്ടായിരുന്ന സന്ദേശിന്റെ പെൺ സുഹൃത്തുകൂടിയായ കൃഷ്ണപ്രിയയെ മുൻനിർത്തിയാണ് സംശയം തോന്നാത്ത വിധത്തിൽ ബീച്ച് കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പിൽ , ഇടവ, പരവൂർ , വർക്കല എന്നീ സ്ഥലങ്ങളിൽ വ്യാപകമായി യുവാക്കളെ കേന്ദ്രീകരിച്ച് ഇവർ കച്ചവടം നടത്തി വരികയായിരുന്നു. ഇവരുടെ രണ്ട് ബൈക്കും ഒരു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.