പാനൂർ: പാനൂരിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവതിക്ക് ചിലരുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നുവെന്ന സൂചനയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിലേക്ക് വെളിച്ചം വീശുന്ന ഒരു ആത്മഹത്യാ കുറിപ്പ് യുവതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ മേഖലയിൽ വ്യാപകമായ ബ്ളേഡ് മാഫിയയുടെ ഭീഷണി ഇവർക്കുണ്ടായിരുന്നോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവർ ജോലി ചെയ്തിരുന്ന താഴെപൂക്കോത്തുള്ള ബൈക്ക് ഷോറൂമിൽ ചിലർ ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്ഥിരീകരിക്കാത്ത പരാതിയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ നാട്ടിൽ തന്നെ കഴിഞ്ഞ ദിവസം പരിചയക്കാരനായ മറ്റൊരാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ റീന മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന കാര്യം പൊലീസ് അന്വേഷണപരിധിയിൽ വരുന്നുണ്ട്.

പാനൂർ വെസ്റ്റ് ഏലാങ്കോട് മഹാവിഷ്ണുക്ഷേത്രത്തിനു സമീപം മൊട്ടമ്മെൽ കുനിയിൽ റീനയാ(44)ണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച്ച മരണമടഞ്ഞത്. ഇവർ വ്യാഴാഴ്‌ച്ച പുലർച്ചെ വീടിന്റെ പരിസരത്ത് വെച്ച് സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ റീനയെ ആദ്യം കണ്ണൂരിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണമടയുന്നത്.

മൃതദേഹം പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൊട്ടമ്മൽ അരവിന്ദാക്ഷന്റെ ഭാര്യയാണ്. മകൻ: ആഷിഖ്(ദുബൈ) പരേതനായ കുണ്ടേരിച്ചന്റെവിട കണാരൻ-ജാനു ദമ്പതികളുടെമകളാണ്.സഹോദരങ്ങൾ: ലീല, ചന്ദ്രൻ, മനോഹരൻ, പ്രകാശൻ(ഗൾഫ്) ഇന്ദിര, ദിനേശൻ(ബംഗ്ളൂർ) രമേശൻ, സുധി, സന്തോഷ്(മൈസൂര്)