- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം; കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊല നടത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അന്തേവാസിയായ കൊൽക്കത്ത സ്വദേശിനിക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സഹതടവുകാരിയായ അന്തേവാസിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ വെച്ച് സഹതടവുകാരിയാണ് കൊല നടത്തിയത്. ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായി ഡി സി പി അമോസ് മാമ്മൻ പറഞ്ഞു.
ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ച ശേഷം പ്രതിയായ കൊൽക്കത്ത സ്വദേശിനി തജ്മി ബീവിയുടെ അറസ്റ്റ് രേഖപ്പെടുത്തും.ബുധനാഴ്ച രാത്രിയാണ് സെല്ലിൽ വെച്ച് ജിയ റാം ജിലോട്ടിന് നേരെ സഹതടവുകാരിയുടെ ആക്രമണം ഉണ്ടായത്. പ്രതിയായ തജ്മി ബീവിയുടെ മുഖത്ത് രക്തം കണ്ടതിനെ തുടർന്ന് ഇവരെ സെല്ലിൽ നിന്ന് മാറ്റി. വ്യാഴാഴ്ച പുലർച്ചെയാണ് ജിയ റാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടത്.
എന്നാൽ ബുധനാഴ്ച രാത്രി തന്നെ മരണം നടന്നതായി പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം അധികൃതർക്ക് വീഴ്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം തലശേരി മഹിളാമന്ദിരത്തിൽനിന്നുമാണ് ജിയയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെയും കൊണ്ടു തലശേരിയിൽ അലഞ്ഞുതിരിയുകയായിരുന്നു യുവതി.
കുഞ്ഞിനെ അടിക്കുന്നതു കണ്ടു പൊലീസ് ഇടപെട്ടാണു ജിയയെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിൽ വച്ച് പരി ചയപ്പെട്ട തലശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായ ശേഷം അയാൾ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നൽകിയ മൊഴി.
ഭർത്താവിനെ അന്വേഷിച്ചാണു തലശേരിയിലെത്തിയത്. മഹിളാമന്ദിരത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ