മംഗളുരു: നാല് കിലോ കഞ്ചാവുമായി കാസർകോട് മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചുപേർ മംഗളുരുവിൽ പൊലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടാണ് രണ്ടിടങ്ങളിലായി കഞ്ചാവ് വേട്ട നടന്നത്. വോർക്കടി ഗേറുകട്ടെ സ്വദേശി മുഹമ്മദ് ഹനീഫ്, തലപ്പാടിയിലെ ഹബീബ് (32), മഞ്ചേശ്വരം മിയാപദവിലെ നസീബ് (19) എന്നിവരെ മംഗളു കൊണാജെയിൽ നിന്നും മഞ്ചേശ്വരം ഹൊസങ്കടി മീഞ്ചയിലെ പ്രഫുൽ രാജ് (23), ബഞ്ജ്വാൾ സജിപ ബോളിയാർ അമ്പിത്തടി ഹസിൽ അവിനാഷ് (24) എന്നിവരെ തലപ്പാടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണാജെ പൊലീസ് മഞ്ഞനാടി വില്ലേജിലെ ഈരുമനെ ക്രോസിൽ വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സ്‌കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 1.340 കിലോ കഞ്ചാവ് കണ്ടെത്തി. സ്‌കൂട്ടറും കഞ്ചാവും പിടിച്ചെടുത്ത കൊണാജെ പൊലീസ് മുഹമ്മദ് ഹനീഫ് അടക്കം മൂന്നപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

തലപ്പാടി വില്ലേജിലെ നാർള പടിൽ രാമനഗരയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 2.220 കിലോ കഞ്ചാവ് സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് പിടികൂടിയത്. കേരളത്തിൽ നിന്ന് മംഗളുരു നഗരത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സിസിബി പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാമനഗരയിലെത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു.

2.220 കിലോ കഞ്ചാവിന് പുറമെ 1200 രൂപയും രണ്ട് മൊബൈൽ ഫോണുകളും ഒരു മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. തുടർന്ന് കേസെടുത്ത പൊലീസ് പ്രഫുൽരാജിന്റെയും അവിനാഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തകയായിരുന്നു. അവിനാഷ് സിറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സർക്കാർ വാഹനം നശിപ്പിച്ച കേസിലും പ്രതിയാണ്. പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ രാജേന്ദ്ര ബി, പ്രദീപ് ടി ആർ, സിസിബി ഉദ്യോഗസ്ഥർ എന്നിവരും രാമനഗരയിലെ കഞ്ചാവ് വേട്ടയിൽ പങ്കെടുത്തു.