കണ്ണൂർ: കണ്ണൂരിൽ പതിനാറുവയസുകാരിയായ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ കേസ് ചുമത്തിയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയും സംഘവും പ്രതിയെ അറസ്റ്റു ചെയ്തിരുന്നത്.

യൂത്ത് കോൺഗ്രസ് നേതാവും നാറാത്ത് പഞ്ചായത്ത് മുൻ അംഗവുമായ അസീബാ(38)ണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ സൃഹൃത്തുകൂടിയായ ഇയാൾ ആപരിചയം മുതലെടുത്തുകൊണ്ടാണ് പീഡിപ്പിച്ചത്. ഈക്കഴിഞ്ഞ നവംബർ 21ന് രാത്രിയിലാണ് സംഭവം. പെൺകുട്ടിയുടെ പിതാവിനൊപ്പം മദ്യപിച്ചു വീട്ടിലെത്തിയ അസീബ് പിതാവ് ഉറങ്ങിയതിനു ശേഷംപെൺകുട്ടിയെ കയറിപ്പിടിച്ചു പീഡിപ്പിക്കുകയായിരുന്നു.

പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പെൺകുട്ടി വീട്ടിൽ നിന്നും ആരുമറിയാതെ ഒളിച്ചോടുകയായിരുന്നു. പിന്നീട് കാൺമാനില്ലെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലിസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ കുട്ടിയിൽ ഭാവവ്യത്യാസം കണ്ടതിനെ തുടർന്ന് കൗൺസിലിങിന് വിധേയമാക്കുകയും കുട്ടി ലൈംഗിക ചൂഷണത്തിനിരയായകാര്യം തുറന്നു പറയുകയുമായിരുന്നു. ഇതിനു ശേഷമാണ് കണ്ണാടിപ്പറമ്പിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാവ് പിടിയിലാകുന്നത്. ഇരയായ പെൺകുട്ടി ചോവയൂർ പൊലിസിന് നൽകിയ പരാതിയെ തുടർന്നാണ് അസീബിനെ കണ്ണൂർ പൊലിസ് പിടികൂടുന്നത്. പീഡനത്തിനു ശേഷം മാനസിക നില തകരാറിലായതിനെ തുടർന്ന് പെൺകുട്ടിയെ വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിലെത്തിക്കുകയായിരുന്നു.