- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കിഷ്ടപ്പെട്ട യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിന് വീടു കയറി മാതാവിനെ മർദിച്ചു; യുവാവ് അറസ്റ്റിൽ
കോഴഞ്ചേരി: തനിക്കിഷ്ടപ്പെട്ട യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചത് ഇഷ്പ്പെടാത്തതിന്റെ പേരിൽ വീടുകയറി മാതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ കൈതക്കോടി കോറ്റാത്തൂർ ചോതുപ്ലാക്കൽ സി ജി വർഗീസിന്റെ മകൻ ലിൻസു ജി. വർഗീസ് (35) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.
കോയിപ്രം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 25 നാണ് ഇയാൾ വീടുകയറി അതിക്രമം കാട്ടിയത്. മകളുടെ ഉറപ്പിച്ച വിവാഹം പിന്മാറണമെന്ന ആവശ്യവുമായിട്ടാണ് ഇയാൾ ചെന്നത്. ഈ സമയം വീട്ടിൽ പെൺകുട്ടിയുടെ മാതാവ് മാത്രമാണുണ്ടായിരുന്നത്. അവർ വിസമ്മതം അറിയിച്ചപ്പോൾ ആദ്യം ഭീഷണിപ്പെടുത്തി. പിന്നാലെ ഉപദ്രവിക്കുകയും ചെയ്തു. മാതാവിന്റെ വസ്ത്രത്തിൽ കൂട്ടിപ്പിടിച്ച് കഴുത്തിൽ കുത്തിപ്പിടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. വിവാഹതീരുമാനവുമായി മുന്നോട്ടുപോയാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഭയന്നു പോയ മാതാവ് മാർച്ച് ഒന്നിനാണ് കോയിപ്രം പൊലീസിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം അയിരൂർ പുതിയകാവിൽ നിന്ന് എസ് ഐ അനൂപിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐയെ കൂടാതെ സി പി ഓമാരായ ജേക്കബ്, ശ്രീജിത്ത്, സൈഫുദീൻ എന്നിവരും ഉണ്ടായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്