റാന്നി: ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുഷീറ്റുകൾ പട്ടാപ്പകൽ ഓട്ടോറിക്ഷയിൽ കടത്തിയ കേസിൽ മൂന്നു പ്രതികളെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. റാന്നി പുതുശ്ശേരിമല വിനീഷ് ഭവനിൽ വിനേഷ് കുമാർ (36), വടശ്ശേരിക്കര ഇടക്കുളം മുല്ലത്താനത്ത് എം.എസ്.സിബി (40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയിൽ ചാക്കോ മകൻ തങ്കച്ചൻ (ഡിക്കി-57) എന്നിവരെ റാന്നി പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇട്ടിയപ്പാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പഴവങ്ങാടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം ചാലുങ്കൽ സി പി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് മോഷ്ടാക്കൾ കടത്തിയത്.

ഓട്ടോറിക്ഷയും മോഷണമുതലുകളും പിടിച്ചെടുത്തു. ഒന്നും രണ്ടും പ്രതികളെ അന്ന് വൈകിട്ട് തന്നെ ഇട്ടിയപ്പാറ ബീവറേജ്സ് ഷോപ്പിനടുത്തുനിന്നും പിടികൂടിയിരുന്നു. മൂന്നാം പ്രതിയെ ഇട്ടിയപ്പാറയിൽ നിന്നും ഇന്ന് വെളുപ്പിനാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്‌ഐ.മാരായ സായി സേനൻ, എസ്. കെ. അനിൽ, എസ് സി പി ഓ മാരായ മണിലാൽ, സുധീഷ്, ബിജു, സി പി ഓ മാരായ ജോൺ ഡേവിഡ് ജോയ്, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.