കണ്ണൂർ: മയക്കുമരുന്ന് കേസുകളും ഗുണ്ടാ ആക്രമണവും കൊണ്ടു പൊറുതിമുട്ടിയ കണ്ണൂരിലെ പൊലീസിന് തലവേദനയായി ഉരുളിക്കള്ളന്മാരും. ലാൽജോസിന്റെ മീശ മാധവനെന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായകനായ ദിലീപ് ഒരു വീട്ടിൽ ചെന്ന് ഉരുളിയുമായി മുങ്ങുന്ന ഒരു സീനുണ്ട്. ഇത് സിനിമയിൽ അന്ന് കണ്ടു ചിരിച്ചവരാണ് പ്രേക്ഷകരിൽ കൂടുതലും. എന്നാലിന്ന് സിനിമയെ അനുസ്മരിക്കുന്ന രംഗങ്ങളാണ് കണ്ണൂരിൽ ആവർത്തിക്കുന്നത്. ഉരുളി മോഷണപരമ്പരകൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് പൊലീസ്.

വാടക സാധനങ്ങൾ വിൽക്കുന്ന കടയിലാണ് തുടർച്ചയായി ഇത്തരത്തിൽ ഉരുളി മോഷണം അരങ്ങേറുന്നത്. ഒരാഴ്ചത്തേക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞ് കടയിൽ വന്ന ഒരാൾ ഉരുളികൾ വാടകയ്ക്ക് കൊണ്ടുപോയി. ആഴ്ചകൾ കഴിഞ്ഞിട്ടും കൊണ്ടുപോയ ഉരുളികൾ നൽകാതെ മുങ്ങുകയെന്നതാണ് ഇപ്പോഴത്തെ തട്ടിപ്പ് രീതി. തിരികെ എത്താത്ത ഉരുളി ൾക്കായി തിരഞ്ഞു പോയപ്പോഴാണ് സംഭവത്തിന് പിന്നിൽ നടക്കുന്നത് ആസൂത്രിത മോഷണമാണെന്നു വ്യക്തമായത്.

പരിചയമില്ലാത്ത ആളായതിനാൽ വാടകയ്ക്ക് സാധനം നൽകുമ്പോൾ പൊതുവേ കടമകൾ തിരിച്ചറിയൽ രേഖയും മൊബൈൽ നമ്പറും ചോദിച്ചു വാങ്ങാറുണ്ട്. ഇത്തരത്തിൽ ഉരുളി വാടകയ്ക്ക് നൽകിയ ശേഷം കുറച്ചധികം ദിവസങ്ങൾ കഴിഞ്ഞിട്ടും ഉരുളി തിരിച്ച് എത്താത്തതിനാൽ അന്വേഷിച്ചു ചെന്നപ്പോളാണ് കടയിൽ നൽകുന്നഅഡ്രസ് വ്യാജമാണെന്ന് മനസിലാകുന്നത്. ആവശ്യക്കാരൻ നൽകുന്ന മൊബൈൽ നമ്പർ സ്വിച്ച് ഓഫാണെന്ന് മനസിലാകുന്നതോടെയാണ് വന്നത് ഉരുളിക്കള്ളനാണെന്ന് വ്യക്തമാവുന്നത്.

കണ്ണൂരിലെ ഒരു കടയിൽ ഉരുളിക്കള്ളൻ നൽകിയത് ഡിജിൽ സൂരജ് എന്ന ആളുടെ പേരിലുള്ള തിരിച്ചറിയൽ രേഖയാണ്. എന്നാൽ ഇയാൾ തന്നെയാണ് ഉരുളികൾ വാടകയ്ക്കെടുത്തതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കണ്ടെത്താൻ പൊലീസ് അന്വേഷണത്തിൽ സാധിക്കാത്തതാണ് നൽകിയത് വ്യാജ തിരിച്ചറിയൽ രേഖയാണെന്നു പൊലിസ് സംശയിക്കാൻ കാരണം. പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് ജീവൻരക്ഷാമരുന്ന് ഉണ്ടാക്കുന്ന ആവശ്യംപറഞ്ഞാണ് ഇയാൾ കടയിൽ നിന്ന് ഉരുളികൾ വാടകയ്ക്ക് എടുത്തത്.

പൊതുവിൽ വാടകയ്ക്ക് എടുത്താൽ വാടക സാധനം തിരിച്ച് ഏൽപ്പിക്കുമ്പോൾ പണം നൽകുകയാണ് പതിവ്. ആയതിനാൽ പണം കടയുടമ മുൻകൂറായി വാങ്ങിയുമില്ല. ഇത്തരത്തിൽ നല്ല വില വരുന്ന നാലു ഉരുളികളാണ് ഡിജിൽ സൂരജെന്ന തിരിച്ചറിയൽ രേഖയിൽ പറയുന്ന വ്യക്തി ഒരു കടയിൽ നിന്നും കൊണ്ടു പോയിട്ടുള്ളത്. തളാപ്പിലെ ദിലീപ് ഹയർ ഗുഡ്‌സ് എന്ന കടയിൽ നിന്നാണ് ഇത്തരത്തിൽ ഉരുളി മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കെ ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.

ഇത്തരത്തിൽ കെ ബിജു എന്ന വ്യക്തി പരാതിയുമായി രംഗത്ത് വന്നപ്പോഴാണ് ഉരുളി മോഷണം ജില്ലയിൽ ഇതാദ്യമായല്ല എന്ന പൊലീസിന് മനസ്സിലാകുന്നത്. കണ്ണോത്തുംചാൽ ഉള്ള കെ പി വത്സൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബി ആർ എഫ് ഹയർ ഗുഡ്‌സിൽ നിന്നും താഴെചൊവ്വയിൽ എഎം സത്യപാലന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഫ്രണ്ട്‌സ് ഹയർ ഗുഡ്‌സിൽ നിന്നും മരുന്നുണ്ടാക്കാൻ ആണ് എന്ന ആവശ്യം സൂചിപ്പിച്ച് തന്നെ ഇയാൾ ഓരോ ഉരുളികൾ വെച്ച് മോഷ്ടിച്ച വിവരം പുറത്തുവരുന്നത്. ഇപ്പോ വരും എന്നു പറഞ്ഞു പോയ ഉരുളി കാലങ്ങൾ കഴിഞ്ഞിട്ടും എത്തിയില്ലെന്നാണ് കടയുടമകൾ പറയുന്നത്.

ഉരുളി മോഷണം സംബന്ധിച്ചുള്ള പരാതികൾ കടയുടമകൾ തന്നെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് സ്റ്റേഷനിലും കൊടുത്തെങ്കിലും ഉരുളിയും കിട്ടിയില്ല പ്രതിയേയും കിട്ടിയില്ല. ഉരുളികൾ സഹിതം കള്ളനെ പൊക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പൊലിസ്.

കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും ഉരുളി ഉടമസ്ഥർക്ക് തിരിച്ച് ലഭിക്കണമെന്നും കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖലാ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ കെ അജയകുമാർ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി പി കെ സന്തോഷ് കുമാറും ജില്ലാ വൈസ് പ്രസിഡന്റ് പി സോമസുന്ദരം , പി രാമചന്ദ്രൻ , എം കെ ദിലീപ് കുമാർ മേഖലാ സെക്രട്ടറി , കെ പ്രേമരാജൻ ,കെ മോഹനൻ, പി ജേക്കപ്പ് മനോജ് എന്നിവർ പ്രസംഗിച്ചു.