- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം വിളമ്പി തിരിഞ്ഞുനടക്കുമ്പോഴേക്കും കടന്നുപിടിച്ച് ആക്രമണം; കഴുത്തിൽ അടക്കം കത്തി കൊണ്ടുകുത്തി അക്രമി; ലണ്ടനിൽ ഈസ്റ്റ്ഹാമിലെ ഹൈദരാബാദ് വാല റസ്റ്റോറന്റിൽ കുത്തേറ്റത് മലയാളി യുവതിക്ക് എന്ന് സൂചന; സംഭവത്തിൽ ഒരാൾ പിടിയിൽ
ഈസ്റ്റ്ഹാം: ലണ്ടനിൽ, ഈസ്റ്റ്ഹാമിലെ റെസ്റ്റോറന്റിന് ഉള്ളിൽ വച്ച് കത്തിക്കുത്തേറ്റത് മലയാളി യുവതിക്കെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. ഹൈദരാബാദ് വാല റെസ്റ്റോറന്റിൽ വെയ്റ്റ്ട്രസായി ജോലി ചെയ്യുകയായിരുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20ഓടെയാണ് സംഭവം. ബാർക്കിങ് റോഡിലെ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത്. റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന മലയാളിക്കാണ് കുത്തേറ്റതെന്നാണ് ഈസ്റ്റ് ഹാമിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.
കേരളത്തിൽ നിന്നുള്ള ഒരു മലയാളി വിദ്യാർത്ഥിയാണെന്നും ചില സംഘടനാ നേതാക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദ്യാർത്ഥി അപകടനില തരണം ചെയ്തതായും റിപ്പോർട്ടുണ്ട്. ബാർക്കിങ് റോഡിലെ ഇ6ൽ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് രണ്ട് ആംബുലൻസ് ജീവനക്കാരെയും ഫാസ്റ്റ് റെസ്‌പോൺസ് കാറിൽ ഒരു ഡോക്ടറെയും ഒരു ഇൻസിഡന്റ് റെസ്പോൺസ് ഓഫീസറെയും ഉടൻ സംഭവ സ്ഥലത്തേക്ക് അയക്കുകയായിരുന്നുവെന്ന് ലണ്ടൻ ആംബുലൻസ് സർവീസ് വക്താവ് പറഞ്ഞു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ഒരു പ്രധാന ട്രോമ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
കത്തിക്കുത്ത് നടന്ന ഹൈദരാബാദ് വാല എന്ന റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചത്. എന്നാൽ, റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾ വെയിട്രസിനെ പെട്ടെന്ന് കത്തികൊണ്ട് ആക്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റെസ്റ്റോറന്റിലെ രണ്ട് ചുവരുകളിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകളിലാണ് ആക്രമണത്തിന്റെ ഭയപ്പെടുത്തുന്ന ക്ലിപ്പുകൾ പതിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളിൽ റെസ്റ്റോറന്റിൽ നിരവധി പേർ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അവരിൽ ഒരാൾ മാത്രം ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്. അവർക്കരികിലേക്ക് വെയിട്രസ് പോകുന്നതും ഭക്ഷണം നൽകുന്നതും കാണാം. അതിനു ശേഷം അവർ തിരിഞ്ഞു നടന്നു പോകുന്നതും കാണാം. വീണ്ടും അവർ ഒറ്റയ്ക്ക് ഇരിക്കുന്ന ആളുടെ സമീപത്തേക്ക് എത്തുമ്പോൾ അയാൾ ഉടൻ തന്നെ വെയിട്രസിനെ കൈത്തണ്ടയിൽ കടന്നു പിടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്യുന്നത് കാണാം.
ഭയന്നു പോയ യുവതി പേടിച്ച് തിരിഞ്ഞു നോക്കുകയും അലറി വിളിക്കുകയും ചെയ്യുന്നതു കാണാം. എന്നാൽ ആ സമയത്ത്, അക്രമകാരി വെയിട്രസിന്റെ കൈകൾ ചുറ്റിപ്പിടിച്ച് അവളുടെ കഴുത്തിൽ ഒരു കത്തി പിടിക്കുന്നതായി കാണാം. തുടർന്ന് അവൾ നിലത്തു വീഴുന്നതിന് മുമ്പ് അവളുടെ കഴുത്തിലും ശരീരത്തിലും എല്ലാം കത്തികൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. ഇതു കണ്ട് മറ്റൊരു ടേബിളിൽ നിന്നുള്ള ആൾ കത്തിക്കാരനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും അക്രമകാരി ഭീഷണിപ്പെടുത്തിയതിനാൽ അയാൾ പിൻവാങ്ങാൻ നിർബന്ധിതനാവുകയായിരുന്നു. രണ്ടാമത്തെ വീഡിയോയിൽ രണ്ട് പുരുഷന്മാർ അടുക്കള ഭാഗത്ത് നിന്ന് ഓടി വരികയും അക്രമകാരിയെ നേരിടാൻ ശ്രമിക്കുന്നതും കാണാം.
എന്നാൽ അക്രമകാരി അവരെയും ഭീഷണിപ്പെടുത്തുകയും തറയിൽ കിടക്കുന്ന വെയിട്രസിനെ പലതവണ മുറിവേൽപ്പിക്കുകയും ചെയ്യുന്നതായും കാണാം. തുടർന്ന് അക്രമകാരി തന്നെ ആരെങ്കിലും പിടിക്കുന്നതിന് മുമ്പ് എക്സിറ്റ് വഴി പുറത്തേക്ക് ഓടുകയായിരുന്നു. എങ്കിലും വെയിട്രസിനെ ഗുരുതരമായി പരിക്കേൽപ്പിച്ചതായി സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ