കാഞ്ഞങ്ങാട്: ഗൾഫിലെ സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ തുടർച്ചയായി യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് പണം തട്ടിയെടുത്തതായി പരാതി. ഇട്ടമ്മലിലെ സുമയ്യ മൻസിലിൽ അബ്ദുൾ അസീസാണ് (28 ) പരാതിയുമായി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടുണിയോടെയാണ് സംഭവം.

വാഹനങ്ങളിൽ എത്തിയ ക്വട്ടേഷൻ ടീം അടക്കമുള്ള 7 അംഗ അക്രമികൾ അബ്ദൂൾ അസീസിനെ തട്ടി കൊണ്ടുപോവുകയായിരുന്നു. പിന്നീട് അസീസിനെ ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പറമ്പിൽ എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം കൈവശം ഉണ്ടായിരുന്ന 4000 രൂപ തട്ടിയെടുക്കുകയും ചെയ്തു.

പിന്നീടാണ് അബ്ദുൾ അസീസ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അസീസ്. ജുനൈദ്, വിപിൻ, സഫറു, ഫഹദ്. സുഹൈൽ, ഫൈറൂസ്, മർഷാദ്, വാഹിദ്, മനാഫ് എന്നിവരടക്കം 17 പേർക്കെതിരെ കേസെടുത്തു. എസ് ഐ കെ പി സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ തുടങ്ങി.

എന്നാൽ അക്രമത്തിന് ഇരയായ അസീസ് തട്ടിപ്പുകാരനാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അസീസും സുഹൃത്ത് നൗഷാദും അടങ്ങിയ സംഘം ദുബായിൽ നിന്നും നിരവധി സ്വർണ കച്ചവടക്കാരെയും തട്ടിപ്പിനിരയാക്കിയെന്ന ആരോപണം ഉയുരുന്നുണ്ട്. ഏറ്റവും ഒടുവിൽ അസീറിന്റെ അനുജൻ വഴി നാട്ടുകാരായ യുവാക്കളുടെ എട്ട് ലക്ഷം രൂപയുടെ സ്വർണം തട്ടിപ്പ് നടത്തിയതായാണ് പറയുന്നത് .ഇതിന്റെ പ്രതികാരമാകാം അക്രമണമെന്ന് നാട്ടുകാർ സൂചന നൽകുന്നു .

നീലേശ്വരം ചിറപുറം സ്വദേശിയെ ദുബായിൽ തട്ടിക്കൊണ്ടും പോയി പണവും മൊബൈലും അപഹരിച്ചതായി ബന്ധപെട്ട് ദുബായിൽ കേസിൽ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ നാട്ടിലേക്ക് ഇവർ കടന്നു കളയുകയായിരുന്നു എന്നാണ് സൂചന. മാത്രമല്ല ഇവർക്ക് ലഹരി ഇടപാടുകളും ഉള്ളതായി പറയപ്പെടുന്നു. കാഞ്ഞങ്ങാട് കടപ്പുറം പ്രദേശത്തുള്ള പലിശ ഇടപാടുകാരുടെ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ആരോപണങ്ങൾ പൊലീസ് പരിശോധനക്ക് വിധേയമാകണമെന്ന് പ്രദേശവാസികൾ ആവശ്യപെടുന്നു.

അതേസമയം യുവാവിനെ മർദിച്ചിട്ടില്ലെന്നും, സ്വർണ തട്ടിപ്പു നടത്തിയ പണം തിരികെ നൽകണമെന്ന് പറഞ്ഞ ദിവസം കടന്നുപോയതോടെ തടഞ്ഞു നിർത്തി ചോദിക്കുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷിക്കുന്ന പ്രതികൾ പറയുന്നത്