ശ്രീകണ്ഠാപുരം: ചായക്കട കുത്തി തുറന്ന് കവർച്ച നടത്തുകയായിരുന്ന മോഷ്ടാക്കളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംഘമെത്തി പിടികൂടി.

നിരവധി മോഷണക്കേസിലെ പ്രതികളായ കുടിയാന്മല അരീക്കാമലയിലെ വാളയാങ്കര വിപിൻകുര്യൻ(30) കുടിയാന്മലയിലെ നമ്പിയാങ്കണ്ടി വീട്ടിൽ ജിബിൻ നാരായണൻ(40) എന്നിവരെയാണ് ബുധനാഴ്‌ച്ച അർധരാത്രി ഇരിക്കൂർ ചിസ്തി റോഡിൽ പ്രവർത്തിക്കുന്ന ജാബിർ തങ്ങളുടെ ഉടമസ്ഥതയിലുള്ള തട്ടുകടയുടെ ഗ്രില്ലിന്റെ പൂട്ട് കമ്പിപാര ഉപയോഗിച്ചു തകർക്കുന്നതിനിടെ പിടികൂടിയത്.

ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് മോഷണവിവരം പൊലീസിനെ ഫോൺ വിളിച്ചറിയിച്ചത്. നേരത്തെ മോഷണകേസുകളിൽ പ്രതികളായ ഇരുവരും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. മോഷണം നടത്താനുപയോഗിച്ച കമ്പിപാര പൊലീസ് സ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.