കാസർകോട്: കാസർകോട് നഗരത്തിലെ ജൂവലറിയിലെത്തിയ യുവാവ് ഒന്നരപവൻ സ്വർണവുമായി സ്ഥലംവിട്ടു. മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാവ് പൊലീസ് പിടിയിലാവുകയും ചെയ്തു. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോർജിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ കാസർകോട് താലൂക്ക് ഓഫീസിന് മുന്നിൽ ടി.എച്ച് ദിനേശിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രഗിരി ജൂവലറിയിൽ നിന്നാണ് ജോബി ജോർജ് സ്വർണമാല കൈക്കലാക്കിയത്.

സ്വർണം ആവശ്യപ്പെട്ടാണ് ജോബി ജൂവലറിയിലെത്തിയത്. ഇതിനിടെ ഇയാൾ സമർഥമായി സ്വർണമാല കൈക്കലാക്കി മുങ്ങുകയായിരുന്നു. ജൂവലറി ഉടമ പരിശോധിച്ചപ്പോഴാണ് ഒന്നരപവന്റെ മാല കാണാനില്ലെന്ന് വ്യക്തമായി. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ ഒരാൾ സ്വർണമാല മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തിയോതോടെ ഉടൻ തന്നെ കാസർകോട് പൊലീസിൽ വിവരമറിയിച്ചു.

സിഐ പി. അജിതുമാർ, എസ്‌ഐ വിഷ്ണുപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ കെ.ടി അനിൽ, അജിത്, രതീഷ് എന്നിവർ ജൂവലറിയിലെത്തി സി.സി.ടി.വി ദൃശ്യം പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു. ജൂവലറിയിൽ നിന്നും ഇറങ്ങി ഇയാൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാഞ്ഞങ്ങാട്ടേക്ക് ഭാഗത്തേക്ക് പോയതായി പൊലീസിന് മനസ്സിലാക്കാൻ സാധിച്ചു

ഇതിനിടെ ജോബി ജോർജ് കാഞ്ഞങ്ങാട്ടെത്തി മുത്തൂസ് ജൂവലറിയിൽ 54,500 രൂപയ്ക്ക് സ്വർണം വിൽപ്പന നടത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല പണം സ്വന്തം അക്കൗണ്ടിൽ തന്നെ നിക്ഷേപിച്ചു. വിവരം പൊലീസിന് മനസ്സിലാക്കാൻ സാധിച്ചു.
മൊബൈൽ ഫോൺ പിന്തുടർന്ന പൊലീസ് ജോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പണം അക്കൗണ്ടിൽ നിക്ഷേപിച്ച മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായ പ്രതിക്ക് അമ്പരപ്പ് മാറിയിരുന്നില്ല. ജൂവലറി ഉടമയുടെയും പൊലീസിന്റെയും മുന്നിൽ സകല അടവുകളും പയറ്റിയിട്ടും പ്രതിക്ക് കേസിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല .
മുത്തൂസ് ജൂവലറിയിൽ നിന്നും സ്വർണം വീണ്ടെടുക്കുകയും ഇന്നുച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.