പയ്യന്നൂർ: ശുചിമുറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതു വീഡിയോ പകർത്തിയ ഡോക്ടറെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും തല്ലുകയും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ഫോൺ കേടുവരുത്തുകയും ചെയ്ത ഹോട്ടൽ ഉടമയെയും സഹോദരിയെയും സെക്യൂരിറ്റി ജീവനക്കാരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവാദ ഹോട്ടൽ ആരോഗ്യവകുപ്പ് ഇന്ന് പൂട്ടിക്കുകയും ചെയ്തു. പിലാത്തറ നഗരത്തിലെ കെ.സി റസ്റ്റോറന്റാണ് ആരോഗ്യവകുപ്പ് സ്‌ക്വാഡെത്തി ഇന്ന് അടച്ചുപൂട്ടിച്ചത്.

പിലാത്തറ നഗരത്തിലെ ഹോട്ടലിലാണ് കഴിഞ്ഞ ഞായറാഴ്‌ച്ച രാവിലെ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. ടൂർസംഘത്തിൽപ്പെട്ട കാസർകോട് ബന്തടുക്ക പിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസർ ഡോ സുബ്ബരായും കൂടെയുണ്ടായിരുന്നവരും അവിടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ് ശൗചാലയത്തിൽ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതു ഫോണിലെ വീഡിയോ പകർത്തിയ ഡോക്ടർക്ക് നേരേ ഹോട്ടലുടമയും സംഘവും അക്രമം നടത്തുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് പരിയാരം പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്.

ഞായറാഴ്ച രാവിലെ പത്തോടെ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ.സി റെസ്റ്റോറന്റിൽ നടന്ന സംഭവം സോഷ്യൽമീഡിയയിൽ വിവാദമായതിനെ തുടർന്നാണ് പൊലിസ് അതിശക്തമായ നടപടികളുമായിമുൻപോട്ടു പോയത്. ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേർ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. സംഘത്തിൽപ്പെട്ട ചിലർ

ശൗചാലയത്തിൽ പോയപ്പോഴാണ് അടച്ചിട്ട മറ്റൊരു ശൗചാലയത്തിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായി ഇവർ കണ്ടത്. ഇതു ചോദ്യം ചെയ്ത ബന്തടുക്ക പിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസർ ഡോ സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ സി ഹൗസിലെ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ ടി.ദാസൻ (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഡോക്ടറെയും കൂടെയുണ്ടായിരുന്നവരെയും കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോൺ ബലപ്രയോഗത്തിലൂടെ പിടിച്ചുവാങ്ങി നശിപ്പിക്കാൻ ശ്രമിക്കുകയും വീഡിയോ ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്യുകയും അസഭ്യം പറയുകയും ഡോക്ടറെയും കൂടെയുണ്ടായിരുന്നവരും തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.