കണ്ണൂർ: കണ്ണൂർ നഗരത്തിൽ ട്രെയിനിങ്ങ് സ്‌കൂളിനടുത്തെ സൂപെക്സ് കോംപ്ലക്‌സിൽ പരക്കെ കവർച്ച. ഏഴു സ്ഥാപനങ്ങളുടെ പൂട്ടു തകർത്താണ് മോഷണം നടന്നത്. ലൈക ബ്യൂട്ടി പാർലർ, ഗ്രീൻലാന്റ് സ്റ്റുഡിയോ, എസ്.ആർ.പ്രിന്റർസ്, റയോൺസ് ക്രിയേഷൻസ്, എസ്.ഡവലപ്പേഴ്സ്, മെഡിടെക് സൊലൂഷൻസ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.

സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഷട്ടറിനുള്ളിൽ മുറിക്കിട്ട ഗ്ലാസുകളും തകർത്തിട്ടുണ്ട്. എന്നാൽ സ്ഥാപനങ്ങളിൽ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കണക്കെടുത്തു വരികയാണ്. വിവരമറിഞ്ഞ് കണ്ണുർ ടൗൺപൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തി അന്വേഷണം നടത്തി.

മോഷ്ടാക്കൾ കൊണ്ടുവന്നതെന്ന് കരുതുന്ന ഇരുമ്പ് കമ്പികൾ, കത്രിക, സോപ്പ് പോലുള്ള കട്ട, കല്ല് മുതലായവ സ്ഥാപനത്തിന് മുന്നിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഡോഗ്സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മഴക്കാലം തുടങ്ങാനിരിക്കെ തുടർച്ചയായ മോഷണങ്ങളാണ് കണ്ണൂർ നഗരത്തിൽ നടന്നുവരുന്നത്.