തലശേരി: മൊബൈൽ ഫോൺ വഴി ഇടപാടുകാരെ കണ്ടെത്തി മയക്കുമരുന്ന് ഹോം ഡെലിവറി ചെയുന്ന യുവാവിനെ പൊലീസ് പിടികൂടി. തലശ്ശേരി വടക്കുമ്പാട് ഉമ്മൻ ചിറ സ്വദേശി കാട്ടുമാടൻ പുത്തൻപുരയിലെ ജംഷീറിനെ (35)യാണ് എസ്. ഐ.മനു.ആർ അറസ്റ്റ് ചെയ്തത്. കടൽ പാലം ബീച്ച് ഭാഗത്ത് മാരക ലഹരിമരുന്നായ എം. ഡി.എം. എ. വിൽപനക്കിടെയാണ് ഇയാൾ പൊലീസ് പിടിയിൽ അകപ്പെടുന്നത്.

പ്രതിയിൽ നിന്നും ലഹരിമരുന്നായ 116 ഗ്രാം എംഡി എം എ യും, 11,500 രൂപയും വില്പനക്കായി ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

നേരത്തെ ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ സമാനരീതിയിലുള്ള കേസിൽപ്പെട്ടതോടെ നാട്ടിലെത്തി വൻതോതിൽ ലഹരി മരുന്ന് വിൽപന നടത്തി വരികയായിരുന്നു. മറ്റു ഇടപാടുകാരിൽ നിന്നും വ്യത്യസ്തമായി ലഹരി ആവശ്യമുള്ളവർക്ക് വീട്ടിൽ എത്തിച്ചു നൽകുന്ന സൗകര്യം കൂടി പ്രതി ചെയ്തുവരികയായിരുന്നു.

ലഹരി ഉപയോഗിച്ച് മനോവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഭർത്താവിനെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച യുവതി ഇതിന് കാരണക്കാരനായ മയക്കുമരുന്ന് വിൽപ്പനക്കാരനെ കുറിച്ചുള്ള വിവരം പൊലീസിന് നൽകുകയുമായിരുന്നു. തുടർന്ന് പൊലീസ് നിരീക്ഷണത്തിലാക്കിയ ഇയാൾ പിടിയിലാവുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.