ശ്രീകണ്ഠാപുരം: ബിനാമിസ്വത്ത് രജിസ്ട്രേഷൻ വഴി 40ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി 18 വർഷത്തിന് ശേഷം അറസ്റ്റിലായി. പെരുമ്പാവൂർ സ്വദേശി അബ്ദുൾ ഖാദറിനെയാ(68)ണ് തളിപ്പറമ്പ് ഡി.വൈ. എസ്. പി എംപി വിനോദിന്റെ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. 2004 ൽ ഇയാളുടെ നേതൃത്വത്തിൽ ഭാവന എന്റർപ്രൈസസ് പരിയാരം എന്ന പേരിൽ ബിനാമി രജിസ്ട്രേഷൻ നടത്തി സംസ്ഥാനസർക്കാരിന് അടക്കേണ്ടിയിരുന്ന 40 ലക്ഷം രൂപ അടയ്ക്കാതെ മുങ്ങിയെന്നാണ് കേസ്.

ഇതിനു ശേഷം മുങ്ങിയ ഇയാളെ 2017- ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ കണ്ണൂർ പഴയബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി പിടിയിലാകുന്നത്. ഈ കേസിലെ ഒന്നാം പ്രതി പെരുമ്പാവൂർ സ്വദേശി വർഗീസ് വിചാരണ നടക്കുന്നതിനിടെ മരണമടഞ്ഞിരുന്നു. അന്വേഷണത്തിൽ ഡി.വൈ. എസ്. പി സ്‌ക്വാഡ് അംഗങ്ങളായ എസ്. ഐ ദിലീപ് കുമാർ, എ. എസ്. ഐ പ്രേമരാജൻ, സി.പി. ഒ അബ്ദുൽ ജബ്ബാർ എന്നിവരും പങ്കെടുത്തു.