കണ്ണൂർ: കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഭവനഭേദനമുൾപ്പെടെ ഇരുപതോളം കവർച്ചാ കേസിലെ പ്രതിയെ പൊലീസ് പ്രത്യേക അന്വേഷണ സംഘം മലപ്പുറത്ത് വെച്ച് അതിവിദഗ്ദ്ധമായി പിടികൂടി. ചെമ്പേരി സ്വദേശിനിയായ കാമുകിയുമൊന്നിച്ചു വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് പുതിയ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് തൃക്കരിപ്പൂർ സ്വദേശി തെക്കെ പുരയിൽ ടി.പി. അബ്ദുൾ റഷീദിനെ (38) കണ്ണൂർ സിറ്റി അസി.കമ്മിഷണർ ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ പൂട്ടിയിട്ട നാലു വീടുകളിൽ കവർച്ച നടത്തിയതിനാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കഴിഞ്ഞ വർഷം സപ്റ്റംബർ 9 ന് ചക്കരക്കൽ ചൂള ആമിന മൻസിൽ വീട് കുത്തിതുറന്ന് പതിനാലര പവൻ സ്വർണം കവർന്നതിലും നവംബർ 11 ന് കണയന്നൂർ മുലേരി പൊയിൽ ഖദിജയുടെ വീട്ടിൽ നിന്നു 2 പവനും ഡിസംബർ 18 ന് കാഞ്ഞിരോട് മായൻ മുക്ക് സജിനാസിൽ അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് 90, 000 രൂപയും രണ്ട് പവനും ജനുവരി 12 ന് ചോരയാം കുണ്ട് അജിത്തിന്റെ വീട്ടിൽ നിന്നും നാലരപവനും 7000 രൂപയും വിദേശകറൻസിയും കവർച്ച ചെയ്ത കേസിലാണ് ചക്കരക്കൽ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപെടുത്തിയത്.

മുഹമ്മദ് രാത്രി കുടുംബ വീട്ടിൽ കല്യാണത്തിന് പോയി രാവിലെ തിരിച്ചെത്തിയപ്പോളാണ് വീട് കുത്തിതുറന്നതായി കണ്ടത്. ഖദിജ ബാഗ്ലുരിൽ മകളുടെ വീട്ടിൽ രണ്ടുദിവസം താമസിച്ച് വന്നപ്പോഴായിരുന്നു വീടിന്റെ പൂട്ട് കുത്തിതുറന്നതായി കണ്ടത്. മായന്മുക്കിൽ അബ്ദുറഹ്മാനും കുടുംബവും വീട് പൂട്ടി തൃശിനാപ്പള്ളിയിൽ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയിരുന്നു. അടുത്ത ദിവസം രാവിലെ വീട്ടുടമയുടെ സുഹൃത്ത് വീട്ടിൽ ചെടികൾ നനക്കാൻ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുഴപ്പാലയിലെ അജിത്ത് കുടുംബസമേതം കുന്നത്തുർ പാടിയിൽ മുത്തപ്പൻ ക്ഷേത്രോത്സവത്തിന് പോയപ്പോളായിരുന്നു മോഷണം നടന്നത് ഇവിടെ നിന്നും നാലര പവനാണ് കവർന്നത്.

പ്രതി കളവ് മുതൽ ശ്രീകണ്ഠാപുരം, പയ്യാവൂർ, കുടുക്കിമെട്ട തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ജൂവലറികളിൽ വിറ്റതായി പൊലീസ് കണ്ടെത്തി. പ്രതി ചെമ്പേരി വാടക വീട്ടിൽ താമസിച്ചാണ് ആദ്യ രണ്ട് കളവും നടത്തിയത്. പിന്നീട് ഏച്ചൂർ കമാൽ പീടികയിൽ വാടക വീട് എടുത്ത് താമസിച്ചാണ് കവർച്ച നടത്തിയത്. ആദ്യ രണ്ട് കവർച്ചക്കും കാറിലും പിന്നീടുള്ള കവർച്ചയ്ക്ക് ബൈക്കിലുമാണ് പ്രതി എത്തിയത്. പൊലീസ് തന്നെ തിരിച്ചറിഞ്ഞു എന്ന് മനസിലാക്കിയ പ്രതി മലപ്പുറം പാണ്ടിക്കാട് വാടക ക്വാർട്ടേഴ്‌സിൽ കാമുകിയോടൊപ്പം താമസിച്ച് വരികയായിരുന്നു.
ഇന്നലെ പാണ്ടിക്കാട് വച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

കളവു മുതൽ വിറ്റ് ചെമ്പേരി കരയത്തു ചാലിൽ പ്രതി പത്ത് സെന്റ് ഭൂമി വാങ്ങിയതായി പൊലീസ് പറഞ്ഞു. നിരവധി സി സി ടി വി പരിശോധനയിലൂടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പയ്യന്നുർ ,പരിയാരം, ചന്തേര, തളിപറമ്പ്, എറണാകുളം എന്നീ സ്റ്റേഷനുകളിൽ വാഹനമോഷണം, പിടിച്ചുപറി, ഭവന വേദനം തുടങ്ങിയതിന് പ്രതിക്കെതിരെ കേസുണ്ട്.

ടി കെ.രത്‌നകുമാറിന്റെ നേതൃത്വത്തിൽ ചക്കരക്കൽ സിഐ എൻ. സത്യനാഥൻ, ചക്കരക്കൽ സ്‌റേഷനിലെ അഡീഷണൽ എ.സ് ഐ രാജീവൻ, കണ്ണൂർ ടൗൺ എഎസ്ഐ എം. അജയൻ കണ്ട്രോൾ റൂം എഎസ്ഐ ഷാജി, ചക്കരക്കൽ സ്‌റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ് സിറ്റി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സ്‌നേഹേഷ്, സജിത്ത്, എന്നിവരാണ് ഈ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മോഷ്ടിക്കുന്ന സ്വർണം വിറ്റ് ആഡംബര ജീവിതമാണ് അബ്ദുൾ റഷീദ് നയിച്ചിരുന്നത്. ഇയാൾ അടുത്ത കാലത്താണ് ഏഴു ലക്ഷം രൂപ വിലവരുന്ന സ്വിഫ്റ്റ് ഡിസെയർ കാർ സ്വന്തമായി വാങ്ങിയത്. മോഷണമുതൽ വിറ്റു കിട്ടുന്ന പണം കൊണ്ടു കാമുകിയെയും കൂട്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തി ദിവസങ്ങൾ ചെലവിടുകയെന്നതാണ് ഇയാളുടെ രീതി. നേരത്തെ കടകൾ കുത്തി തുറന്ന് മോഷണം നടത്തിയാണ് തന്റെ പതിനെട്ടാമത്തെ വയസിൽ ഇയാൾ കളവുജീവിതം തുടങ്ങിയത്. പിന്നീടത് വാഹന മോഷണത്തിലേക്ക് തിരിഞ്ഞു. അടുത്ത കാലത്താണ് പൂട്ടിയിട്ട വീടുകളിൽ കേന്ദ്രീകരിച്ചു കവർച്ചയാരംഭിച്ചത്. ഇരുപതോളം കേസുകളിൽ പ്രതിയായ ഇയാൾ നേരത്തെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.