- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് മോഷണം പോയ ദിവസം യുവാക്കൾ നാട്ടിലേക്കുള്ള ട്രെയിനിൽ; കള്ളക്കേസിൽ കുടുക്കി അടച്ചത് 10 ദിവസം; പരിയാരം പൊലീസിനെതിരെ പയ്യന്നൂർ ഡി.വൈ. എസ്‌പിയുടെ അന്വേഷണ റിപ്പോർട്ട്
കണ്ണൂർ: കള്ളക്കേസിൽ കുടുക്കി യുവാക്കളെ ജയിലിൽ അടച്ചുവെന്ന പരാതിയിൽ പരിയാരം പൊലിസിനെതിരെ പയ്യന്നൂർ ഡി.വൈ. എസ്‌പിയുടെ അന്വേഷണ റിപ്പോർട്ട്. സംഭവദിവസം സ്ഥലത്തുണ്ടാവാത്ത യുവാക്കൾക്കതിരെയാണ് പൊലീസ് ബൈക്ക് മോഷണ കുറ്റം ചുമത്തുകയും പിന്നീട് കോടതിയിൽ ഹാജരാക്കി പത്തുദിവസം ജയിലിൽ അടക്കുകയും ചെയ്തുവെന്നാണ് പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രൻ കണ്ണൂർ റെയ്ഞ്ച് ഐ.ജി രാഹുൽ ആർ. നായർക്ക് റിപ്പോർട്ട് നൽകിയത്. വളരെ ഗുരുതരമായ കൃത്യവിലോപവും വീഴ്ചയുമാണ് ഇക്കാര്യത്തിൽ പരിയാരം സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐക്കും സംഭവിച്ചതെന്നാണ് റിപ്പോർട്ടിന്റെ കാതൽ.
തിരുവനന്തപുരം കഴക്കൂട്ടത്ത് മലബാർ സ്നാക്സെന്ന ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്ന പരിയാരം പെരുവളങ്ങയിലെ തെക്കൻബബിത്ത് ലാൽ(20)മുടിക്കാനത്തെ ആൽഫിൻ സോജൻ(19) എന്നിവരാണ് പൊലിസിന്റെ ക്രൂരതയ്ക്കിരയായത്. ബബിത്ത്ലാലിന്റെ പിതാവ് മുടിക്കാനത്തെ തെക്കൻ ഹൗസിൽ ബാബുദിനകരൻ നൽകിയ പരാതിയിലാണ് ഡി. വൈ.എസ്‌പി ഈ വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയത്. ഡ്യൂക്ക് ബൈക്ക് മോഷണം പോയതായി പറയുന്നു ദിവസം ഇരുവരും കഴക്കൂട്ടത്തു നിന്നും നാട്ടിലേക്കുള്ള ട്രെയിന്മാർഗം വന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യത്തിൽ ട്രെയിൻ ടിക്കറ്റ്, ഇരുവരുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എന്നിവ തെളിവായി കാണിച്ചിട്ടുണ്ട്. ഇതോടെ ബൈക്ക് മോഷണ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്. ഐ. ആർ റദ്ദാകുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
മുടിക്കാനത്തെ ജിഷയുടെ ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ മെയ് ആറിന് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷംഅറസ്റ്റു രേഖപ്പെടുത്തിയത്. ഡ്യൂക്ക് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കീച്ചേരിയിൽ വെച്ചു അറസ്റ്റു ചെയ്തുവെന്നാണ് എഫ്. ഐ. ആറിലുള്ളത്. ഇതും ഗുരുതരമായ വീഴ്ചയാണെന്ന് ബബിത്ത് ലാലിന്റെ പിതാവ് ബാബുദിനകരൻ ആരോപിച്ചിരുന്നു. ഏപ്രിൽ 30ന് ബാബുദിനകരന്റെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയിരുന്നു.
ഈ കേസിൽ ജിഷയുടെ മകൻ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിലായിരുന്നു ഇതിനു പകരമായാണ് മെയ്‌രണ്ടിന് പുലർച്ചെ ജിഷയുടെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണം പോയെന്ന പരാതിയിൽ അന്നേ ദിവസം മലബാർ എക്സ്പ്രസിൽ രാവിലെ ഏഴരയോടെ പഴയങ്ങാടി റെയിൽവെ സ്റ്റേഷനിലിറങ്ങിയ യുവാക്കൾ അറസ്റ്റു ചെയ്യപ്പെടുന്നതും ജയിലിൽ അടക്കപ്പെടുന്നതും. അറസ്റ്റിലായ ബബിത്ത് ലാൽ, ആൽഫിൻ എന്നിവരോടൊപ്പം കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളായ സജീഷ്,വി.ജെ സഞ്ജു എന്നിവരുമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്