കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ സിനിമാ സ്റ്റൈലിൽ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ കാർ മതിലിൽ ഇടിച്ചുമറിഞ്ഞു. തുടർന്ന് പുറകെയെത്തിയ കാറിൽ മയക്കുമരുന്ന് സംഘമെന്ന് സംശയിക്കുന്നവർ സാഹസികമായി രക്ഷപ്പെട്ടു.കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായി കണ്ണൂർ സിറ്റി പൊലീസ് അറിയിച്ചു.

ശനിയാഴ്‌ച്ച പുലർച്ചെ രണ്ടരയോടെ കണ്ണൂർ സിറ്റിയിലാണ് നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. കണ്ണൂർ സിറ്റി നീർച്ചാലിൽ വാഹന പരിശോധനയ്ക്കിടെ സിറ്റി പൊലിസ് കൈകാണിച്ചിട്ടും നിർത്താതെ അമിത വേഗതയിൽ കാർ കുതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സംശയം തോന്നിയ പൊലിസ് ചെയ്സ് ചെയ്തുവെങ്കിലും ഊടുവഴികളിലൂടെ കാർ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു.

അമിതവേഗതയിൽ നിർത്താതെപോയ കാർ ഒടുവിൽ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും എത്തുന്നതിന് മുൻപേ കാറിലുണ്ടായിരുന്നവർ ഇവരുടെ തന്നെ മറ്റൊരു കാർ വിളിച്ചുവരുത്തി പൊലിസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു. ഇവരുടെ തൊട്ടുപിന്നാലെ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും യാത്രക്കാരുടെ പൊടി പോലുമുണ്ടായിരുന്നില്ല.

ഒടുവിൽ കാറിന്റെ ലോക്ക് തുറന്ന് പരിശോധിച്ചപ്പോൾ കാറിൽ നിന്ന് ഒരു വടിവാളും രണ്ടു മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്‌ച്ച പുലർച്ചെ 2.30ഓടെ ഗാന്ധി മൈതാനം ബസ്സ്‌റ്റോപ്പിനു സമീപമായിരുന്നു സംഭവം. നീർച്ചാൽ ഭാഗത്തു നിന്നു വന്ന കാർ പൊലിസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. പൊലിസ് കാറിനെ പിന്തുടർന്നതോടെ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു നിൽക്കുകയായിരുന്നു.

കെ.എൽ 13 എ.ഇ 9101 സ്വിഫ്റ്റ് കാറാണു പൊലിസ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിച്ചപ്പോഴാണ് കാറിൽ നിന്നു വാളും ഫോണും കണ്ടെടുത്തത്. കാറിലുണ്ടായിരുന്നവർക്കായുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കി. രണ്ടു വാഹനങ്ങളിലെത്തിയ സംഘത്തിന്റെ ഒരു കാറാണ് അപകടത്തിൽപെട്ടത്. പൊലിസ് പിടികൂടുമെന്നു കണ്ടതോടെ മറ്റൊരു വാഹനത്തിൽ കയറി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കണ്ണൂർസിറ്റി സ്വദേശി റഈസ് എന്നയാളുടെതാണു പൊലിസ് കസ്റ്റഡിയിലെടുത്ത കാറെന്ന് കണ്ടെത്തി. കാറിലുണ്ടായിരുന്നതു ലഹരി സംഘമാണോയെന്നു പൊലിസ് അന്വേഷിക്കുന്നുണ്ട്.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലിസ് പറഞ്ഞു. എസ്‌ഐമാരായ ബാബു ജോൺ, ആൽബി തോമസ്, സി.പി.ഒ ഇസ്മാഈൽ, സി.പി.ഒ അതുൽ എന്നിവരാണ് വാളും ഫോണും കണ്ടെടുത്തത്. കണ്ണൂരിൽ മയക്കുമരുന്ന് വിൽപനയ്ക്കെതിരെ പൊലിസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. രാത്രികാല പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാലത്തിലാണ് വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്ന് സംഘമെന്നു സംശയിക്കുന്നവർ രക്ഷപ്പെട്ടത്.