കണ്ണൂർ: ആഡംബരകാറിൽ കടത്തുകയായിരുന്ന എം.ഡി. എം. എയുമായി നാലുയുവാക്കൾ കണ്ണൂർ നഗരത്തിൽ പിടികൂടി. എക്സൈസ കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം കോർണറിൽ നടത്തിയ പരിശോധനയിലാണ് മാരക സിന്തറ്റിക്ക് മയക്കുമരുന്നായ 12.0389 ഗ്രാം എം.ഡി. എം. എയുമായി കണ്ണൂർ റെയ്ഞ്ച് ഇൻസ്പെക്ടർ സിനുകൊയില്യത്ത് യുവാക്കളെ അറസ്റ്റു ചെയ്തത്.

ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ. എൽ 78 എ 9502 നമ്പർ കാറുംകസ്റ്റഡിയിലെടുത്തു. മട്ടന്നൂർ പരിയാരം സുറൂർ മൻസിൽ കെ.പി റഹൂഫ്(25)നരയൻപാറ പൊമ്മണിച്ചൽ വീട്ടിൽ പി.ഷമീർ(32) വെളിയമ്പ്രയിലെ പൂക്കുണ്ട് ഹൗസിൽ എം. സമീർ(32
പാലോട്ടുപള്ളിയിലെ എം.കെ ഹൗസിൽ റിസ്വാൻ(24) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കണ്ണൂർ സ്റ്റേഡിയം കോർണറിൽവെച്ചു ചെറുകിട വിൽപനക്കാർക്ക് കൈമാറാൻ കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബംഗ്ളൂരിൽ നിന്നും മംഗ്ളൂരിലെ രഹസ്യവഴിയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് യുവാക്കൾ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ ക്രിമനൽ, മയക്കുമരുന്ന് കേസുകളിൽ ഇവർ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മട്ടന്നൂർ, ചാലോട് ഭാഗത്ത് ഇവർ വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്ക് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസമായി നാലുപേരുടെയും നീക്കങ്ങൾ പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര എൻ.ഡി.പി. എസ് കോടതിയിൽ നടക്കുമെന്ന് എക്സൈസ് അറിയിച്ചു.