മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും കോടികൾ വിലമതിക്കുന്ന സിനിമാ ലൈറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. വൈക്കം മറവൻതുരുത്ത് നടുക്കാരയിൽ വീട്ടിൽ സജി വിശ്വംഭരൻ (45), കുലശേഖരമംഗലം കാട്ടിത്തറയിൽ അനൂപ് സോമൻ (പോത്തുകുട്ടൻ 43) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഇവരുൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം 7 ന് ആയിരുന്നു സംഭവം. കോഴിക്കോട് നിന്നും ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽ നിന്നും തട്ടിക്കൊണ്ട് പോയി വൈക്കത്തുള്ള ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത്. പിറ്റെ ദിവസം യുവാവ് വാടകയ്ക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമയ്ക്ക് വാടകയ്ക്ക് നൽകുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങൾ കാറിൽ കയറ്റി കൊണ്ട് പോകുകയും ഭാര്യയെയും, മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തു.

ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, എസ്.എച്ച് ഒ എം.കെ സജീവ്, എസ്‌ഐ കെ.കെ രാജേഷ്, എഎസ്ഐ പി.സി.ജയകുമാർ , സി.പി.ഒ ബിബിൽ മോഹൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.