- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരികിൽ പാർക്ക് ചെയ്ത ബൈക്കുകൾ രാത്രി ലോക്ക് പൊളിച്ച് അടിച്ചുമാറ്റും; മൂവാറ്റുപുഴയിൽ ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ പിടിയിൽ
മൂവാറ്റുപുഴ: ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ പൊലീസിന്റെ പിടിയിൽ. എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച, പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികളെയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര മണ്ടൻകവല, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളിൽ നിന്നായി മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
മുവാറ്റുപുഴ സംഗമംപടി സമീപത്ത് നിന്നും ഹീറോഹോണ്ട പാഷൻ പ്ലസ്, പോത്താനിക്കാട് മാവുടി ഭാഗത്ത് നിന്ന് ബജാജ് പൾസർ, കോതമംഗലം ഭൂതത്താൻകെട്ട് ഭാഗത്ത് നിന്നും ഹീറോ ഹോണ്ട സ്പ്ലെണ്ടർ, മുവാറ്റുപുഴ വെള്ളൂർകുന്നം എൻ.എസ്.എസ് സ്‌കൂൾ സമീപത്ത് നിന്നും ഹീറോ ഹോണ്ട പാഷൻ പ്ലസ്, ആട്ടായം ഭാഗത്ത് നിന്ന് അവൻജേർ എന്നീ ബൈക്കുകളാണ് ഇവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മോഷണം നടത്തിയത്.
നഗരത്തിലെ പ്രമുഖ സ്‌കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ എല്ലാവരും ആഡംബര ജീവിതം നയിക്കുന്നവരാണ്. ബൈക്കിൽ രാത്രി കറങ്ങിനടന്ന് ആളില്ലാത്ത സ്ഥലങ്ങളിൽ നിന്നും റോഡ് സൈഡിൽ പാർക്ക് ചെയ്ത് വെച്ചിരിക്കുന്ന ബൈക്കുകൾ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് എടുത്തുകൊണ്ടുവന്ന് നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇവർ ഉപയോഗിക്കുന്നത്.
ഇങ്ങനെ കൊണ്ടുവരുന്ന വണ്ടികൾ ഇവർ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെക്കുകയാണ് ചെയ്യുന്നത്. ഇവർ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണ സംഘത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്‌പി എസ്.മുഹമ്മദ് റിയാസ് പൊലീസ് ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്‌ഐമാരായ വി.കെ.ശശികുമാർ, മിൽകാസ് വർഗീസ്, സി.കെ.ബഷീർ, സീനിയർ സിപിഒമാരായ ജിജുകുര്യാക്കോസ്, സുരേഷ് ചന്ദ്രൻ, ബിബിൽ മോഹൻ, മൊഹിയുദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.