കണ്ണൂർ: അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് വീട്ടമ്മയെ സ്‌ക്രൂഡ്രൈവർ കൊണ്ടു കുത്തിപരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിനടുത്തെ രാമതെരുവിലാണ് സംഭവം. കഴുത്തിന് കുത്തേറ്റ വീട്ടമ്മ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനടുത്തുള്ള റോഡരികിൽ നിൽക്കുമ്പോഴാണ് ഇവർക്ക് കുത്തേറ്റത്. നിലവിളി കേട്ട് നാട്ടുകാർ ഓടിവന്നപ്പോൾ ഇയാൾ ഓടിരക്ഷപ്പെട്ടു.

്കഴുത്തിനാണ് വീട്ടമ്മയ്ക്ക് കുത്തേറ്റത്. രാമതെരുവിലെ അനിതാ പുരുഷോത്തമനാണ് ഇന്ന് വൈകുന്നേരം റോഡരികിൽ നിൽക്കവെ കുത്തേറ്റത്. അയൽവാസിയായ രാമതെരുവിലെ റിജേഷിനെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. മുൻവൈരാഗ്യമാണ് അക്രമകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടെരിയാണ്പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അയൽവാസിയായ റിജേഷും അനിതയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. തന്നെ കുറിച്ചു ഇവർ അപവാദ പ്രചരണം നടത്തിയെന്നായിരുന്നു റിജേഷിന്റെ ആരോപണം. ഇതേതുടർന്നുള്ള വൈരാഗ്യത്തിലാണ് ഇപ്പോൾ അഴീക്കോട് സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന ഇയാൾ അക്രമം നടത്തിയത്.

രാമതെരുവിൽ നടന്ന ഒരു ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു. ഇതിൽ റിജേഷിന്റെ ചിത്രവും പതിഞ്ഞിട്ടുണ്ടെന്ന് മുൻ സി.പി. എം വാർഡ് മെംബറായ പുരുഷോത്തമന്റെ ഭാര്യയായ അനിത പലരോടും പറഞ്ഞതാണ് വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി.

സംഭവത്തെ തുടർന്ന് റിജേഷിന്റെ അമ്മ മനോവിഷമത്താൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ഇയാൾക്ക് അനിതയോട് വൈരാഗ്യം മൂത്തതെന്നാണ് പൊലിസ് പറയുന്നത്. സ്‌ക്രൂഡൈവർ ഉപയോഗിച്ചു കഴുത്തിൽ കുത്തി കൊല്ലാനായിരുന്നു ഉദ്ദ്യേശമെന്നാണ് പൊലിസ് പറയുന്നത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.