കൊല്ലം: കരുനാഗപ്പള്ളിയിൽ വൻ മയക്ക് മരുന്ന് വേട്ട. ന്യൂജൻ മയക്ക് മരുന്നായ എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ശൂരനാട് മൈനാഗപ്പള്ളി തെക്ക് ഇപ്പായി വിളപ്പുറം കോളനിയിൽ പരമേശ്വരൻ മകൻ അനീഷ് (33), കരുനാഗപ്പള്ളി കല്ലേലിഭാഗം വില്ലേജിൽ മാരാരിത്തോട്ടം ക്ഷേത്രത്തിന് സമീപം ബിന്ദു ഭവനം വീട്ടിൽ ഹരിദാസ് മകൻ വൈശാഖ് (23) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 70.19 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു.

പത്ത് ഗ്രാം എം.ഡി.എം.എ കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് കരുനാഗപ്പള്ളി മാർക്കറ്റ് റോഡിലുടെ കാറിൽ സഞ്ചരിച്ച ഇവരെ വലിയത്ത് ഹോസ്പിറ്റലിന് കിഴക്ക് ഭാഗത്ത് റോഡിൽ വച്ച് പിടികൂടുകയായിരുന്നു.

ഇവരുടെ അടിവസ്ത്രത്തിനുള്ളിലും പാന്റിന്റെ പോക്കറ്റിലുമായി സൂക്ഷിച്ച മയക്ക് മരുന്നാണ് പൊലീസ് പിടികൂടിയത്. മയക്ക് മരുന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശത്തും എത്തി ചേരുന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളിയിൽ പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന മയക്ക് മരുന്നിടപാടിലെ വൻ കണ്ണികളാണ് പിടിയിലായത്. കഴിഞ്ഞ ദിവസവും മാരക പാർട്ടി ഡ്രഗ്ഗായ എം.ഡി.എം.എയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് ബംഗ്ലൂരുവിൽ നിന്നും പിടികൂടി ജയിലിലടച്ചിരുന്നു.

പാർട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്ന മയക്ക് മരുന്നായ എം.ഡി.എം.എയുടെ ഉപയോഗം നാഡി ഞരമ്പുകളേയും തലച്ചോറിനേയുമാണ് ദോഷകരമായി ബാധിക്കുന്നത്. കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്കുമാറിന്റെ മേൽ നോട്ടത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ. ആർ, ജിമ്മി ജോസ്, എഎസ്ഐ മാരായ നന്ദകുമാർ, ഷാജി മോൻ, ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ് സി.പി.ഒ മാരായ ഹാഷിം, ഷിർദിഷ് എന്ന്ിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.