കണ്ണൂർ: ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽ നിന്നും പണം വാങ്ങിയ ഇരിട്ടി സ്വദേശിനി അറസ്റ്റിൽ. ഇരിട്ടി ചരൽ സ്വദേശിനി ബിൻഷ ഐസക്കിനെയാണ് കണ്ണുർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിവരവെയാണ് കണ്ണൂർ ആർപിഎഫിന്റെ പിടിയിലാവുന്നത്. റെയിൽവേയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിവാഹം കഴിച്ചുവെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.

എന്നും രാവിലെ യുവാവ് ബിൻഷയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി കൊണ്ടുവിടും. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ ബിൻഷയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണം നടത്തിവരവെയാണ് ബിൻഷ കണ്ണൂരിൽ ആർപിഎഫിന്റെ പിടിയിലാവുന്നത്.

ആർപിഎഫ് കണ്ണൂർ ടൗൺപൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് പലരേയും വഞ്ചിച്ചതായി അറിയുന്നത്. റെയിൽവേയിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തി. ഇതിനിടെയാണ് യുവതി നാടുവിട്ടത്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരിയാണ് കേസന്വേഷിക്കുന്നത്.