ബേക്കൽ: മർചന്റ് നേവി ജീവനക്കാരന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്നതായി പരാതി. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്തെ വടക്കൻ മുനീറിന്റെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ മുകളിലെ ജനൽ പാളി തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. സാധാരണ പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കാറുള്ള മുനീർ വെള്ളിയാഴ്ച ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. മയങ്ങാനുള്ള രാസവസ്തുസ്പ്രേ ചെയ്ത് ബോധം കൊടുത്തിയാണ് കവർച്ച നടത്തിയതെന്ന് സംശയിക്കുന്നു.

തൊട്ടടുത്ത മറ്റൊരു വീട്ടിലും പൂട്ട് തകർത്ത് കവർച്ചാ ശ്രമം നടന്നിരുന്നു. മയങ്ങാനുള്ള രാസവസ്തു ഉപോയോഗിച്ചുള്ള കവർച്ചയിൽ ഭയന്നിരിക്കുയാണ് ജനം. ഇനി എങ്ങനെ കിടന്നു ഉറങ്ങുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ബേക്കൽ പൊലീസും, വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. സമീപത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.