കണ്ണൂർ: കണ്ണൂരിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിലെത്തി കുടിയാന്മലയിലെ വയോധികയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചു രക്ഷപ്പെട്ട കൗമാരക്കാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കുടിയാന്മല പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ എസ്‌ഐ. നിബിൻ ജോയ്, എ. എസ്‌ഐ.സുരേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജാബിർ, സിവിൽ പൊലീസ് ഓഫീസർമാരായ സുജേഷ്, ശിഹാബുദ്ദീൻ ഡ്രൈവർ അബ്ദുൾ സലീം എന്നിവരടങ്ങിയ സംഘമാണ് അതിവിദഗ്ദ്ധമായ നീക്കത്തിലൂടെ കുട്ടി മോഷ്ടാക്കളെ വലയിലാക്കിയത്.

കുടിയാന്മല പുലിക്കുരുമ്പ സ്വദേശിനിയായ മറിയം കുരുവിള (81)യുടെ മാലയാണ് സ്‌കൂട്ടിയിലെത്തിയ രണ്ടു കൗമാരക്കാർ കഴുത്തിൽ നിന്നും പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് 30ന് ആയിരുന്നു സംഭവം. രക്ഷപ്പെട്ട സംഘം ഇരിക്കൂർ പടിയൂർ സ്വദേശി അഖിൽ ജോർജിന്റെ (23) സഹായത്തോടെ ഇരിട്ടിയിൽ മാർവാടി നടത്തുന്ന പഴയ സ്വർണ്ണമെടുക്കുന്ന ജൂവലറിയിൽ വിൽപന നടത്തി പണവുമായി മുങ്ങി.

വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വയോധികയെ പിൻതുടർന്നാണ് സ്‌കൂട്ടിയിലെത്തിയ കൗമാരക്കാർ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇരിക്കൂർ സ്റ്റേഷൻ പരിധിയിലും ഉളിക്കൽ സ്റ്റേഷൻ പരിധിയിലും താമസിക്കുന്ന കൗമാരക്കാർ മെയ് 30 ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് കണ്ണൂർ എസ്.ബി.ഐ.ക്ക് സമീപത്തെ സൂപ്പർമാർക്കറ്റിന് സമീപം പാർക്ക് ചെയ്ത സർജിക്കൽ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരി കണ്ണൂർ കക്കാട് സ്വദേശിനി നിജിഷ സജീഷിന്റെ കെ.എൽ.13 എ എം 432 നമ്പർ സ്‌കൂട്ടിയുമായി കടന്നുകളഞ്ഞത്.

സ്‌കൂട്ടി മോഷണം പോയത് ഉടമ ടൗൺ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. ഈ സ്‌കൂട്ടിയുമായി എത്തിയാണ് കുട്ടി മോഷ്ടാക്കൾ പുലിക്കുരുമ്പയിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. മാല മോഷണം പോയതിനെ തുടർന്ന് പരാതിയിൽ കേസെടുത്ത കുടിയാന്മല പൊലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് സ്‌കൂട്ടി നമ്പർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരിട്ടിയിൽ വെച്ച് സ്‌കൂട്ടി പിടികൂടി. കൗമാരക്കാരെ ചോദ്യം ചെയ്തപ്പോൾ മാല വില്പന നടത്തിയ കൂട്ടുപ്രതി അഖിലിനെയും പിടികൂടി. പൊലീസ് തൊണ്ടിമുതൽ ജൂവലറിയിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ അഖിൽ ജോർജിനെ തളിപ്പറമ്പ് കോടതിയിലും, കൗമാരക്കാരായ രണ്ടു പേരെയും ജുവനൈൽ കോടതിയിലും ഹാജരാക്കി.