തലശേരി: തലശേരിയിൽ വീണ്ടും വൻ കവർച്ച. ചിറക്കര പള്ളിത്താഴ അയ്യലത്ത് സ്‌കൂളിന് സമീപത്തുള്ള ടി. അബ്ദുറഹ്മാന്റ നിസ്വ എന്ന പ്രവാസിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 പവൻ സ്വർണാഭരണങ്ങളും 2500 ദിർഹവും ഇന്ത്യൻ കറൻസിയും നഷ്ടപ്പെട്ടതായി അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് സവാദ് പരാതിപ്പെട്ടു.

വിദേശത്തുള്ള സവാദ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ബാൽക്കണിയുടെ വാതിൽ വഴി അകത്ത് കടന്ന മോഷ്ടാവ് വീട്ടുടമയുടെ മകളും ഭർത്താവും ഉറങ്ങുന്ന മുറിയിലെ അലമാരയിലുള്ള ബാഗിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നത്. ബാഗ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകി ഉറങ്ങാൻ കിടന്ന സവാദ് പുലർച്ചെ 5 മണിക്ക് നിസ്‌കാരത്തിനായി എഴുന്നേറ്റപ്പോഴാണ് മുകളിലെ വാ തിൽ തുറന്ന് കിടന്നതായും അകത്ത് കള്ളൻ കയറിയതായും തിരിച്ചറിഞ്ഞത്.

രാത്രിയിൽ വാതിൽ അടച്ചതായി സവാദ് ഓർക്കുന്നില്ല. പരാതിയെ തുടർന്ന് തലശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം ന ടത്തി. വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തെളിവെടുപ്പിനായി കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി