- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് യുവതിയിൽ നിന്നും നാലരപവൻ തട്ടി; മാലമോഷണകേസിലെ പ്രതിക്കെതിരെ രണ്ടാമതൊരു കേസ് കൂടി
കണ്ണൂർ: ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കാൻ വന്ന എടക്കാട് സ്വദേശിനിയിൽ നിന്നും ആറരപവന്റെ മാല കവർന്ന കേസിൽ റിമാൻഡിലായ പ്രതി തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ബാപ്പന്റകത്ത് ഷബീറിനെതിരെ(30) മറ്റൊരു കേസ് കൂടി കണ്ണൂർ ടൗൺ പൊലിസ് രജിസ്റ്റർ ചെയ്തു. പൊതുവാച്ചേരി സ്വദേശിനിയുടെ നാലരപവൻ മാല പ്രണയം നടിച്ചു തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.
ഷബീർ പൊലിസ് അറസ്റ്റിലായ വാർത്ത പത്രങ്ങളിൽ നിന്നുമറിഞ്ഞതിനെ തുടർന്നാണ് യുവതി പ്രതിയെ അറസ്റ്റു ചെയ്ത കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്തുകൊടെരിക്ക് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയാണ ഷബീർ യുവതിയുമായി അടുക്കുന്നത്. ഇതിനു ശേഷം വിവാഹവാഗ്ദാനം നൽകി യുവതിയെ പ്രലോഭിപ്പിച്ച് കണ്ണൂർ നഗരത്തിൽ ഒരു ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് നാലരപവൻ സ്വർണാഭരണങ്ങൾ വായ്പയായി വാങ്ങുകയും പിന്നീട് മുങ്ങുകയുമായിരുന്നു.
മാസങ്ങളായി താൻ വിളിച്ചാൽ ഷബീർ ഫോണെടുക്കാറില്ലെന്നും ഇയാളെ നേരിട്ട് കാണാനും സാധിച്ചിരുന്നില്ലെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.ഷബീറിന്റെ ഫോണിൽ നിന്നും നിരവധി സ്ത്രീകളുടെ ഫോൺ നമ്പർ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. ചില അശ്ളീല ദൃശ്യങ്ങളും ഫോണിൽ ഇയാൾ സൂക്ഷിച്ചതായി വിവരമുണ്ട്.
ഗൾഫുകാരുടെ ഭാര്യമാരടക്കം നിരവധി യുവതികളാണ് ഇയാളുടെ വലയിൽ വീണത്. പണവും സ്വർണവും നഷ്ടപ്പെട്ടവർ നിരവധിയാണ്. മാനംപോകുമെന്ന ഭയമുള്ളതിലാണ് പലരും പരാതിയുമായി പരസ്യമായി രംഗത്തുവരാത്തത്. സൗദി അറേബ്യയിൽ ജോലി ചെയ്തുവരുന്ന പ്രവാസിയാണെന്ന് പറഞ്ഞാണ് ഫേസ്‌ബുക്കിലൂടെ ഷബീർ യുവതികളെ വലയിൽ വീഴ്‌ത്തിയിരുന്നത്.കാണാൻ സുന്ദരനായ ഇയാളുടെ സ്നേഹം നിറഞ്ഞ പെരുമാറ്റത്തിൽ പല യുവതികളും വഞ്ചിതരായി വീഴുകയായിരുന്നു. ഭർതൃമതികളായ യുവതികളെയും ഇയാൾ വലയിൽ വീഴ്‌ത്തിയിട്ടുണ്ട്.




