കണ്ണൂർ: മയ്യിൽ കടൂരിൽ ആൾതാമസമില്ലാത്ത വീട് കുത്തിതുറന്ന് എൺപതുപവനും 1,30,000 രൂപ കവർന്ന സംഭവത്തിൽ പൊലിസ് മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. മയ്യിൽ ടി.പി സുമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. വിരലടയാള ഉദ്യോഗസ്ഥരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.

കടൂരിലെ എൻ.വി ഷീബയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചറായ ഷീബ പുന്നാടാണ് താമസം. ഭർത്താവ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലാണ് ജോലി ചെയ്യുന്നത്. 37ലക്ഷം രൂപയുടെ സ്വർണമാണ് ഇവിടെ നിന്നും കവർന്നത്. മോഷ്ടാവിന്റെ ആറ് വിരലടയാളങ്ങൾ ഇവിടെനിന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്‌ച്ച മാത്രം തുറക്കുന്ന വീടാണ് ഇതെന്ന് മോഷ്ടാവ് നേരത്തെ മനസിലാക്കിയാണ് കവർച്ച നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം.. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. എ.സി.പിടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ആഴ്ചയിൽ ഒരിക്കലാണ് ഷീബ നാട്ടിൽ വരാറുള്ളത്.

കഴിഞ്ഞ ഞായറാഴ്‌ച്ച വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരിയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കൊള്ളയടിച്ചത്.മുറികളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മഴക്കാലത്ത് മോഷണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിൽ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ ജനകീയ ബോധവൽക്കരണം നടത്താൻ തീരുമാനമായിട്ടുണ്ട്.