- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്ന പേരിൽ ക്രൂരമർദ്ദനം; ബെൽറ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ക്രൂരത പോരാഞ്ഞിട്ട് വധഭീഷണിയും; മലപ്പുറത്ത് ഗാർഹികപീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: ഭർത്താവിന്റെ ബെൽറ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടു. ഇനി കാഴ്‌ച്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർമാർ. മലപ്പുറം എടവണ്ണപ്പാറയിൽ ഗാർഹിക പീഡനത്തെ തുടർന്നു ഭാര്യക്ക് കാഴ്‌ച്ച നഷ്ടപ്പെട്ട കേസിൽ ഭർത്താവിനെ വാഴക്കാട് പൊലീസ് അറസ്റ്റു ചെയ്തു. കാരാട് ബൈതൊടിയിലെ നാഫിയയുടെ(31)പരാതിയിലാണു ഭർത്താവും തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകൻ ഫിറോസ്ഖാനെ ( 39) വാഴക്കാട് പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. റൂമിൽവെച്ചു ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിനിടയിൽ കണ്ണിൽ അടിയേറ്റതോടെയാണു കാഴ്‌ച്ച നഷ്ടപ്പെട്ടത്. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാഴ്‌ച്ചയോളം ചികിത്സയിലായിരുന്നുവെന്നും നാഫിയയും മാതാവ് സുലൈഖയും പറഞ്ഞു.
കണ്ണിന്റെ കാഴ്‌ച്ച നഷ്ടപ്പെടും വരെ ക്രൂരമായി മർദിച്ചിട്ടും ഇപ്പോഴും ഭീഷണി തുടരുകയാണെന്നും ഇനിയും ഞാൻ മർദിക്കുമെന്നും മകളേയും ഇവരുടെ രണ്ടുപേരമക്കളേയും കൊലപ്പെടുത്തുമെന്ന് തന്നോടു പറഞ്ഞുവെന്നും സുലൈഖ പറയുന്നു. മകളുടെ തല സ്‌കാൻ ചെയ്താൽ മുഴുവൻ ചോര കട്ട പിടിച്ചിരിക്കുന്ന അവസ്ഥയിലാണെന്നും ഫിറോസ്ഖാൻ മർദിച്ചതിനാലാണു ഇത്തരത്തിലുണ്ടായതെന്നും സുലൈ പറയുന്നു.
ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ ശേഷം വാഴക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്നു പറഞ്ഞാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ മറ്റുപണികൾക്കായി ജോലിക്കാരുള്ളതിനാൽ ഇവർക്ക് ഭക്ഷണവും മറ്റും നൽകേണ്ടതിനാലാണ് തനിക്കുപോകാൻ കഴിയാതിരുന്നതെന്നും എന്നാൽ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ക്രൂരമായ മർദനമായിരുന്നുവെന്നും നാഫിയ പറഞ്ഞു.
വസ്ത്രം അലക്കുന്നതിനിടയിൽ റൂമിലേക്കു വിളിച്ചുവരുത്തിയായിരുന്നു മർദനം. അടിയേറ്റതോടെ ഒരുകണ്ണിന്റെ കാഴ്‌ച്ച നഷ്ടമായെന്നും ഇനി കാഴ്‌ച്ച തിരിച്ചുകിട്ടില്ലെന്നുമാണു കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞതെന്നും നാഫിയയും മാതാവും മുൻകൗൺസിലറുമായസുലൈഖയും പറഞ്ഞു. ഇതിനു മുമ്പും സമാനമായി മർദനങ്ങൾ ഉണ്ടായിരുന്നുവെന്നും തുടർന്നു മൂന്നുതവണയോളം മധ്യസ്ഥത പറഞ്ഞാണു തിരിച്ചുകൊണ്ടുപോയതെന്നും മാതാവ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ടു 12വർഷം കഴിഞ്ഞു. ആദ്യത്തെ ഒരു വർഷം നല്ല രീതിയിൽ കഴിഞ്ഞുപോയെങ്കിലും പിന്നീടു പീഡനങ്ങൾ ആരംഭിച്ചുവെന്നും ഇതെല്ലാം സഹിച്ചാണ് തന്റെ രണ്ടുമക്കൾക്കുവേണ്ടി ഇത്രയുംകാലം പിടിച്ചുനിന്നതെന്നും നാഫിയ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്