കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ചാറ്റിങിലൂടെയും വീഡിയോകോളിങിലൂടെയും വശത്താക്കുന്ന യുവാവ് അറസ്റ്റിൽ. 2021-മുതൽ പരിചയത്തിലായ 16 വയസുകാരിക്ക് ഇൻസ്റ്റഗ്രാമിലൂടെ നഗ്ന ദൃശ്യങ്ങൾ അയച്ചു ലൈംഗികചൂഷണത്തിന് വിധേയമാക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കാസർകോട് ജില്ലയിലെ ഭീമനടിയിലെ പിക്കപ്പ്വാൻ ഡ്രൈവറും കുന്നുംകൈ സ്വദേശിയുമായ അഭിജിത്തിനെ(36)പയ്യന്നൂർ പൊലിസ് അറസ്റ്റു ചെയ്തത്.

മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ ഇപ്പോൾ അമ്മാവന്റെ കൂടെ താമസിക്കുന്ന 16 വയസുകാരിയെയാണ് ഇയാൾ മൊബൈൽ ചാറ്റിങിലൂടെ വശത്താക്കിയത്. പെൺകുട്ടി രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിക്കുന്നതിൽ സംശയം തോന്നിയ അമ്മാവൻ ഒരു ദിവസം കുട്ടി ഉറങ്ങി കഴിഞ്ഞപ്പോൾ മൊബൈലിൽ യുവാവിന്റെ നഗ്നദൃശ്യങ്ങളും വീഡിയോകളും കണ്ടു. രാത്രി നഗ്നനായി നിന്ന് വീഡിയോകോൾ വഴി പെൺകുട്ടിയുമായി സംസാരിക്കുകയാണ് ഇയാളുടെ പതിവെന്ന് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മൊബൈൽ ചാറ്റിങ്ങിലൂടെയാണ് അഭിജിത്ത് പെൺകുട്ടികളുമായി പരിചയത്തിലാകുന്നത്. ഇതിനു ശേഷം പ്രണയം നടിച്ചു കുട്ടികളുടെ നഗ്നദൃശ്യങ്ങൾ അയച്ചുകൊടുക്കാൻആവശ്യപ്പെടും. തുടർന്ന് വീഡിയോകോൾ വിളിച്ചു ഇയാളുടെ നഗ്നദൃശ്യം കാണിച്ചുകൊടുക്കുകയും കുട്ടികളെയും ഇതിനുസമാനമായി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യും. ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

പയ്യന്നൂർ പൊലിസ് ഇൻസ്പെക്ടർ മഹേഷ് കെ. നായർ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ അഭിജിത്തിന്റെ ടവർ ലൊക്കേഷൻ ഭീമനടിയാണെന്നു വ്യക്തമായിരുന്നു. എന്നാൽ പൊലിസ് തന്നെ സംശയിക്കുന്നതായി മനസിലാക്കിയ ഇയാൾ മൊബൈൽ ഫോണും സിംകാർഡും ഉപേക്ഷിക്കുകയും സോഷ്യൽമീഡിയ ഉപയോഗിക്കാതിരിക്കുകയും ചെയ്തു.

മൊബൈൽ ഫോൺ കുന്നുംകൈയിലെ വനത്തിലുപേക്ഷിച്ചു ഇയാൾ പയ്യന്നൂരിലേക്ക് മുങ്ങുകയായിരുന്നു. എന്നാൽ യുവാവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത പൊലിസ് അഭിജിത്ത് പയ്യന്നൂർ കണ്ടോത്തുണ്ടെന്ന് മനസിലാക്കുകയും ഇയാളെ കൈയോടെ പൊക്കുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ കേസാണ് ചുമത്തിയിട്ടുള്ളത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.