മട്ടന്നൂർ: കോടതിയിൽ ഹാജരാക്കിയ സമയം പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ വാഹനമോഷ്ടാവായ പെരിയാട്ടടുക്കം റിയാസിനെ പൊലിസ് പൊക്കി. പയ്യന്നൂർ കോടതിയിൽ ഹാജരാക്കവെയാണ് റിമാന്റ് ചെയ്യുമെന്നായതോടെ പ്രതി ഓടി രക്ഷപ്പെട്ടത്. കുപ്രസിദ്ധ വാഹന മോഷ്ടാവായ കാസർഗോഡ് പെരിയട്ടടുക്കം സ്വദേശി റിയാസാണ്(40)പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്.

ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ മട്ടന്നൂർ ശിവപുരത്തെ ഭാര്യാവീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ പൊലീസെത്തി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 22ന് വൈകുന്നേരമാണ് പയ്യന്നൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്ന് ഇയാൾ ചാടിപ്പോയത് അഭിഭാഷകനോടൊപ്പം കോടതിയിൽ കീഴടങ്ങാനെത്തിയ റിയാസിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്താൻ തുടങ്ങവെ റിമാന്റിലാകുമെന്ന ഘട്ടത്തിൽ കോടതി മുറിയിൽ നിന്ന് ഇയാൾ ഇറങ്ങിയോടിയത്. തുടർന്ന് കോടതി ജൂനിയർ സൂപ്രണ്ട് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

2008ൽ -.ചെറുതാഴം മണ്ടൂരിൽ സ്‌കോർപ്പിയോ കാർ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാൻ വീഴ്ച വരുത്തിയതിന് റിയാസിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. റിമാന്റ് ചെയ്ത് ജയിലിലാക്കുമെന്ന ഘട്ടത്തിലാണ് ഇയാൾ രക്ഷപ്പെട്ടത് കണ്ണൂർ-കാസർഗോഡ് ജില്ലകളിലായി നൂറോളം കേസുകളിലും കർണാടകയിലെ കൊലപാതക കേസിലും പെരിയാട്ടടുക്കം റിയാസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.