തലശേരി: തലശേരി നഗരത്തിൽ നടന്ന ചില കൊലപാതകങ്ങൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. രാഷ്ട്രീയ ക്രിമിനൽ കേസുകളിലെ പ്രതികളായ ചിലരാണ് സംസ്ഥാനത്ത് തന്നെ പൊട്ടിക്കൽ സംഘത്തിന്(സ്വർണം റാഞ്ചിയെടുക്കൽ) പരിപാടിക്ക് നേതൃത്വം നൽകുന്നതെന്നാണ് പൊലിസിന് ലഭിച്ച വിവരം.

രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാതായതോടെയാണ് തലശേരി താലൂക്കിലെ ക്വട്ടേഷൻ ടീമുകൾ പൊട്ടിക്കൽ സംഘത്തിലേക്ക് തിരിഞ്ഞത്. ടി.പി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ചു വരുന്ന കൊടിസുനിയടക്കമുള്ള നിരവധി പേർ ഇപ്പാൾ ജയിലിനകത്തു നിന്നു പോലും ഇത്തരം ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നുണ്ട്. തലശേരി നഗരത്തിൽ വർഷങ്ങൾക്കു മുൻപ് നടന്ന ജൂവലറി ഉടമയുടെ കൊലപാതകം സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. എന്നാൽ ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. പാനൂർ പറമ്പത്ത് വീട്ടിൽ ആസിഫിനെയാ(46)ണ് നെടുമ്പാശേരി പൊലിസ് അറസ്റ്റു ചെയ്തത്. ഇതോടെ ഈ കേസിൽ പാനൂർ സ്വദേശികളായ ആറുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തലശേരി, പാനൂർ മേഖലയിൽ നെടുമ്പാശേരി പൊലിസ് വ്യാപകമായ റെയ്ഡ് നടത്തിയിട്ടുണ്ട്.

നെടുമ്പാശേരിയിൽ നിന്നും തട്ടിയെടുത്ത അരക്കോടി രൂപ വിലവരുന്ന സ്വർണം പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചുള്ള ഹവാലപണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘം കേരളത്തിൽ ഉടനീളം നടത്തിയിട്ടുള്ള കോടികളുടെ കൊള്ളകൾ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരുന്ന ഏജൻസികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തലശേരി പുതിയ ബസ് സ്റ്റാൻഡിലെ ആഡംബര ഹോട്ടലിൽനടന്ന പിറന്നാൾ ആഘോഷ പാർട്ടിക്കിടയിലാണ് നെടുമ്പാശേരി തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ പ്രതികൾ ഉൾപ്പെടെയുള്ള 14 പേരെ തലശേരി ടൗൺ സി. ഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പൊലിസിന് കൈമാറിയത്. പാനൂർ സ്വദേശികളായ ശ്രീനിലയത്തിൽ ശ്രീലാൽ, മനേക്കരയിലെ ലിബിൻ, വാരിയം കണ്ടത്ത് അജ്മൽ, കുന്നുമ്മക്കണ്ടൻ നജീബ്, പന്തക്കലിലെ റനീഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആസിഫാണ് അക്രമി സംഘത്തിൽ നിന്നും സ്വർണം വാങ്ങിയതെന്നാണ് പൊലിസിന് ലഭിച്ചിട്ടുള്ള വിവരം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.