- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോയിൽ തോക്കും ആയുധങ്ങളുമായി കറക്കം; സംഘത്തിലെ മുഖ്യ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് കടക്കൽ; സംഭവത്തിൽ 3 പേർ അറസ്റ്റിൽ; തോക്കും തിരകളും കണ്ടെത്തി; ഉപ്പളയിൽ വ്യാപക റെയ്ഡ്
ഉപ്പള: ഓട്ടോയിൽ തോക്കും ആയുധങ്ങളുമായി കറങ്ങുകയായിരുന്ന സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും റിവോൾവറിൽ നിറയ്ക്കുന്ന ഒരു വെടിയുണ്ടയും മെഗസിനും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പളയിൽ പൊലീസ് വ്യാപക റെയിഡ് നടത്തിവരികയാണ്.
ഉപ്പള മജലിൽ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ തോക്കും ആയുധങ്ങളുമായി മൂന്നംഗ സംഘം കറങ്ങുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എസ്‌ഐ അൻസാറും സംഘവും പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രധാന പ്രതി അയാസിനെ ഇയാളുടെ സഹോദരൻ ബലം പ്രയോഗിച്ച് മോചിപ്പിച്ചു കൊണ്ടു പോകുകയായിരുന്നു.
വിവരമറിഞ്ഞ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേരെയും രക്ഷപ്പെട്ട അയാസിന്റെ സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഹമ്മദ് റഹീസ് (25), മുഹമ്മദ് ഹനീഫ് (40), രക്ഷപ്പെട്ട അയാസിന്റെ സഹോദരൻ മുഹമ്മദ് റിയാസ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട അയാസിനെയും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുക്കാൻ കാസർകോട് ഡി.വൈ.എസ്‌പി. വി വി.മനോജിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് നടത്തി വരികയാണ്. ആംസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നത്.
വെടിയുണ്ടയും മെഗസീനും പിടികൂടിയ വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് സ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. പ്രതികളെ ചൊവ്വാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് തോക്കും തിരയുമടക്കം എവിടെ നിന്ന് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്