കണ്ണൂർ: കൂത്തുപറമ്പിലെ മുക്കുപണ്ട പണയതട്ടിപ്പിലൂടെ മൂന്ന് കോടിയോളം രൂപ സഹകരണസംഘങ്ങളിൽ നിന്നും കവർന്ന കേസിലെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് കൂത്തുപറമ്പ് പൊലിസ് അറിയിച്ചു. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്തു തെളിവെടുക്കുന്നതിനായി പൊലിസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കൂത്തുപറമ്പ് പാറാലിലെ പി.പി ശോഭന(60) പറമ്പായിയിലെ അഫ്സൽ(29) എന്നിവരെ വിട്ടുകിട്ടാനാണ് കൂത്തുപറമ്പ് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്. തലശേരിയിലെയും കൂത്തുപറമ്പിലെയും സഹകരണസ്ഥാപനങ്ങളിൽ നിന്നുമാണ് പ്രതികൾ മൂന്ന് കോടിരൂപയോളം രൂപ സ്വർണം പൂശിയ ആഭരണങ്ങൾ പണയം വെച്ചു തട്ടിയെടുത്തത്.

കേസിലെ മൂഖ്യസൂത്രധാരനായ അഫ്സലിനെ വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ ശോഭന മുഖാന്തിരമാണ് സ്വർണം പണയംവെച്ചത്. ഇതിനായി ഇവർക്ക് പണം പ്രതിഫലമായി നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികൾ മുക്കുപണ്ടം പണയം വെച്ച് നിരവധി സഹകരണസ്ഥാപനങ്ങളിൽനിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇവർക്ക് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും അവർക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൂത്തുപറമ്പ് പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.