പത്തനംതിട്ട: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ അപരാജിത എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. സ്ത്രീധന പീഡനം മാത്രമല്ല, സ്ത്രീകൾക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളിലും ഉടനടി നടപടി സ്വീകരിക്കുന്നതിന് വേണ്ടിയാണ് അപരാജിത ആവിഷ്‌കരിച്ചത്. ഇതിന്റെ നോഡൽ ഓഫീസർ ആയി ചുമതലപ്പെടുത്തിയത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കൂടിയായ ആർ. നിശാന്തിനിയെയായിരുന്നു. എന്നാലിപ്പോൾ സ്ത്രീകൾക്കെതിരായ അക്രമം സംബന്ധിച്ച പരാതികൾ ഏറ്റവും കൂടുതൽ അട്ടിമറിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിക്കഴിഞ്ഞുവെന്ന് സമകാലിക സംഭവ വികാസങ്ങൾ തെളിയിക്കുന്നു. ഏനാത്ത് സ്റ്റേഷനിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ യുവതി നൽകിയ പരാതിയിൽ നടപടി തക്ക സമയം ഉണ്ടായില്ലെന്ന് മാത്രമല്ല, പരാതിക്കാരിയെ കബളിപ്പിച്ച് അത് എഴുതി തള്ളാനുള്ള രേഖകൾ പൊലീസുകാർ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. തിരുവല്ല കൂറ്റൂർ തെങ്ങേലിയിൽ വീടിന്റെ മതിൽ തകർത്ത് റോഡു വെട്ടാനെത്തിയ അക്രമി സംഘം ഗർഭിണിയായ യുവതിയെ ചവിട്ടി വീഴ്‌ത്തി. സിപിഎം നേതാവും കുറ്റൂർ പഞ്ചായത്തു പ്രസിഡന്റുമായ കെജി സഞ്ചുവാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്.

പരാതിക്കാരിയായ രാഖിമോളുടെ മൊഴി വാങ്ങി കേസെടുത്ത തിരുവല്ല പൊലീസ് സിപിഎമ്മുകാർ കൊടുത്ത രണ്ടു പ്രതികളെ മാത്രം അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ അക്രമത്തിന്റെ മുഖ്യസൂത്രധാരനായ പഞ്ചായത്ത് പ്രസിഡന്റ് സഞ്ജുവിനെ മാത്രം അറസ്റ്റ് ചെയ്തിട്ടില്ല. ആരെയും കൂസാതെ അയാൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടക്കുന്നു. തിരുവല്ല ഡിവൈഎസ്‌പിയാണ് ഇയാളെ സംരക്ഷിക്കുന്നത് എന്ന വിവരം നാട്ടിൽ പാട്ടാണ്. അക്കാര്യം രഹസ്യാന്വേഷണ വിഭാഗം മുഖേനെ എസ്‌പിയും അറിഞ്ഞു. നാളിതു വരെ കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. എസ്‌പി കർശന നിർദ്ദേശം നൽകിയാൽ പ്രതികൾ അറസ്റ്റിലാകും. പക്ഷേ, നൽകുന്നില്ല.

പത്തനംതിട്ട ബാറിലെ അഭിഭാഷക റാണി എസ്. ഗോപിനാഥ് നൽകിയ സ്ത്രീധന പീഡന പരാതിയാണ് ഏറ്റവും ഒടുവിലായി പൊലീസ് അട്ടിമറിച്ചിരിക്കുന്നത്.
തുമ്പമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഭർത്താവ് ടിഎ രാജേഷ്‌കുമാർ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തുമ്പമൺ ശാഖാ മാനേജർ എന്നിവരെ പ്രതികളാക്കിയാണ് റാണി എസ്‌പിക്ക് നേരിട്ട് പരാതി നൽകിയത്. പന്തളം പൊലീസ് അന്വേഷിക്കേണ്ട കേസ് പരാതിക്കാരി താമസിക്കുന്നത് അടൂർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടേക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇതു തങ്ങളുടെ പരിധിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്ന് പരാതി മടക്കി. കേസ് പന്തളം എസ്എച്ച്ഓയ്ക്ക് കൈമാറിയെങ്കിലും രാജേഷിനെതിരേ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തത്.

റാണിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് തുമ്പമൺ ശാഖയിലുള്ള അക്കൗണ്ടിലൂടെ ചെക്കിൽ വ്യാജ ഒപ്പിട്ട് 33 ലക്ഷം രൂപയോളം രാജേഷ് പിൻവലിച്ചുവെന്നും അതിന് മാനേജർ ഒത്താശ ചെയ്തുവെന്നുമുള്ള പരാതിയിലാണ് രാജേഷിനെതിരേ മാത്രം കേസെടുത്തത്. ബാങ്ക് മാനേജരെ പ്രതിയാക്കാൻ വേറെ പരാതി നൽകണമെന്നതാണ് പൊലീസിന്റെ നിലപാട്. ഒറ്റ പരാതിയിൽ രണ്ടു പേർക്കുമെതിരേ കേസ് എടുക്കാൻ പറ്റില്ലത്രേ. മുമ്പൊരു ബാങ്ക് മാനേജർക്കെതിരേ കേസെടുത്തതിന്റെ പേരിൽ പുലിവാൽ പിടിച്ച ചരിത്രം എസ്‌പിക്കുള്ളതു കൊണ്ടാണോ ഇവിടെയും കേസ് എടുക്കാൻ മടിക്കുന്നതെന്നാണ് പരാതിക്കാരിയുടെ ചോദ്യം.

ഒരു കണ്ണിന് മാത്രം കാഴ്ചയുള്ള റാണിയെ 2004 ലാണ് രാജേഷ് കുമാർ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. വിവാഹശേഷം തുമ്പമണിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. രാജേഷും അഭിഭാഷകൻ ആയിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്ന് മാറി കരാറുകാരനായി. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് റാണിയുടെ സ്വർണവും പിതാവിന്റെ കൈയിൽ നിന്ന് വാങ്ങിയതുമെല്ലാം ചേർത്ത് കീരുകുഴിയിൽ രാജേഷ് വസ്തു വാങ്ങി. രണ്ടു പേരുടെയും പേരിൽ ഭൂമി എഴുതാമെന്ന് റാണിയോടും പിതാവിനോടും പറഞ്ഞാണ് ഇതിനുള്ള പണം വാങ്ങിയത്. മൂന്നു തവണയായി 43 സെന്റ് പുരയിടവും 50 സെന്റ് നിലവും രാജേഷ് വാങ്ങിയത് സ്വന്തം പേരിലായിരുന്നു.

ഇതിനിടെ രണ്ടു കാറും റാണിയുടെ പിതാവിൽ നിന്ന് കൈക്കലാക്കിയെന്ന് പരാതിയിൽ പറയുന്നു. റാണിയുടെ സ്വർണം പണയം വച്ചും ഇയാൾ പണമെടുത്തു. ഇങ്ങനെ പണയം വച്ച പണം റാണിയുടെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ് ഇട്ടത്. അതിന് ശേഷം റാണിയുടെ ചെക്ക് ലീഫുകളിൽ കൃത്രിമമായി ഒപ്പിട്ട് അത് പിൻവലിക്കുകയും ചെയ്തു. രാജേഷിന്റെ സുഹൃത്തായ ശാഖാ മാനേജരുടെ അറിവോടെയാണ് ഇതെന്ന് പറയുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് ക്രൂരമായ പീഡനം ആരംഭിച്ചതോടെ റാണി സ്വന്തം വീട്ടിലേക്ക് കുട്ടികളെയും കൂട്ടി പോയി. തന്നെ മർദിക്കുന്ന സമയത്ത് തടസം പിടിക്കാൻ എത്തിയിരുന്ന കുഞ്ഞുങ്ങളെയും രാജേഷ് ഉപദ്രവിച്ചിരുന്നു. തനിക്ക് ഇല്ലാത്ത കണ്ണിന്റെ ഭാഗം നോക്കിയാണ് ഇയാൾ കവിളത്ത് അടിച്ചിരുന്നതെന്നും പറയുന്നു. കുടുംബകോടതിയിൽ ബന്ധം പിരിയാൻ കേസും നടക്കുന്നുണ്ട്. ഈ വിവരമെല്ലാം ചൂണ്ടിക്കാട്ടി നൽകിയ പരാതിയാണ് അട്ടിമറിച്ചതെന്ന് റാണി പറയുന്നു.