ന്യൂഡൽഹി: രാജ്യത്തെ പൊലീസുകാർക്ക് കൂടുതൽ അധികാരം നൽകുന്ന വിധത്തിലുള്ള ക്രിമിനൽ നടപടി ബിൽ ലോക്‌സഭയിൽ പാസായി. പൊലീസ് കരുതൽ തടങ്കലിലാക്കുന്നവരോ, ഏഴു വർഷം വരെ തടവ് ശിക്ഷയുള്ള കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായവരോ, ഏതെങ്കിലുമൊരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരോ ആയ ഏതൊരാളുടെയും ഡി.എൻ.എ അടക്കമുള്ള ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിന് അനുമതി നൽകുന്നതാണ് നിയമം. ഭാവിയിൽ ഏതൊരാളെയും കേസിൽ കുടുക്കാൻ സാധിക്കുമെന്ന വിമർശന സജീവമായിരിക്കേയാണ് ഇത്തരമൊരു നിയമവുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തിയിട്ടും ഈ നിയമവുമായി മുന്നോട്ടു പോകുയാണ് സർക്കാർ. ഇന്നലെ പാർലമെന്റ് കടന്ന നിയമം രാജ്യസഭയിലും പാസായാൽ അറസ്റ്റിലാകുന്നവരുടെ ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് കോൺസ്റ്റബിളിന് വരെ അനുവാദം ലഭിക്കും. പ്രതിപക്ഷ എതിർപ്പും ഭേദഗതി നിർദേശവും തള്ളി കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പാസാക്കി.

ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമത്തേക്കാൾ കടുത്തതെന്ന് വിമർശനമുയർന്ന ബിൽ രാജ്യസഭയുടെകൂടി അംഗീകാരവും രാഷ്ട്രപതിയുടെ മേലൊപ്പും നേടുന്നതോടെ നിയമമാകും. ബ്രിട്ടീഷ് കോളനികാലത്ത് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ 1920ൽ ഉണ്ടാക്കിയ 'തടവുകാരെ തിരിച്ചറിയൽ നിയമം' ജനാധിപത്യ ഇന്ത്യയിൽ കൂടുതൽ കടുപ്പിച്ച് പരിഷ്‌കരിക്കുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ അമിത് ഷാ മറുപടി പ്രസംഗത്തിൽ തള്ളി. സർക്കാറിനെ നിർണായക ഘട്ടങ്ങളിൽ സഹായിക്കാറുള്ള ബിജു ജനതാദൾ ഉന്നയിച്ച ഭേദഗതിയും സ്വീകരിച്ചില്ല. ജൈവ സാമ്പിളുകൾ എടുക്കാൻ സബ് ഇൻസ്‌പെക്ടറെയോ ജയിൽ സൂപ്രണ്ടിനെയോ ചുമതലപ്പെടുത്തണമെന്നായിരുന്നു ആർ.എസ്‌പി നേതാവ് പ്രേമചന്ദ്രൻ മുന്നോട്ടുവെച്ച പ്രധാന ഭേദഗതി.

അനുവാദം നൽകാനുള്ള അധികാരം മജിസ്‌ട്രേറ്റിന് നൽകണമെന്ന് ബിജു ജനതാദളിലെ ഭർതൃഹരി മെഹ്താബും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും തള്ളി. ഇങ്ങനെ ശേഖരിക്കുന്ന സാമ്പിളുകൾ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കൈമാറരുത്, 'ഒരു കുറ്റ കൃത്യം' എന്നത് 'ഹീനമായ കുറ്റകൃത്യം' എന്നാക്കണം, സാമ്പിളുകൾ ശേഖരിക്കാനും സൂക്ഷിക്കാനും 'അനുയോജ്യമായ ഏജൻസി' എന്നത് 'മജിസ്‌ട്രേറ്റ് നിർദേശിക്കുന്ന ഏജൻസി' എന്നാക്കണം തുടങ്ങിയ നിർദേശങ്ങളും സർക്കാർ തള്ളി. അതേസമയം, ചട്ടത്തിന് അനുസൃതമായി വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി. തുടർന്ന്, ഈ പ്രത്യേക വിഷയത്തിൽ അവതരിപ്പിച്ച ഭേദഗതികൾ എൻ.കെ. പ്രേമചന്ദ്രനും ഭർതൃഹരി മെഹ്താബും പിൻവലിച്ചു.

അതേസമയം വിവാദങ്ങളിൽ ഭയമില്ലെന്നും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പ്രസംഗം നടത്തി. ബില്ലിലൂടെ നിയമവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. കുറ്റവാളികളുടെ പൂർണ വിവരങ്ങൾ ലഭ്യമാകുന്നത് കേസന്വേഷണത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

അക്രമികളാൽ കൊല്ലപ്പെടുന്നവർക്കും ആക്രമിക്കപ്പെടുന്നവർക്കും മനുഷ്യാവകാശം ഉണ്ട്. ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ രാജ്യത്തെ പുറകോട്ടടിപ്പിക്കുകയല്ല മുൻപോട്ട് നയിക്കുന്നതാണെന്ന് അമിത്ഷാ പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകി. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുന്നതിന് ബില്ല് കോടതിയെ സഹായിക്കും. സമയത്തിന്റേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാൻ സാധിക്കുന്നതാണ് ക്രിമിനൽ ചട്ട പരിഷ്‌കരണ ബില്ല്. അതിനാവശ്യമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബില്ല് രൂപീകരിച്ചതിന് ശേഷം മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു. ശിക്ഷാവിധി ഫലപ്രദമാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിലൂടെ തെളിവുകളുടെ ശേഖരണം കൂടുതൽ ശക്തിപ്പെടുത്തുകയും അന്വേഷണത്തെ കൂടുതൽ സഹായിക്കുകയും ചെയ്യും. ക്രിമിനൽ ഭേദഗതി ബില്ല് സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രാലയം മറ്റ് പല സംസ്ഥാനങ്ങളുമായി വിപുലമായ ചർച്ച നടത്തിയിരുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള ക്രിമിനൽ നിയമങ്ങൾ പഠിച്ചുവെന്നും അമിത് ഷാ സഭയിൽ വ്യക്തമാക്കി. അമിത്ഷായുടെ മറുപടി പ്രസംഗത്തിന് പിന്നാലെ ബിൽ ശബ്ദവോട്ടിനിട്ട് പാസാക്കുകയും ചെയ്തു.