കോട്ടയം: ജോലി വാഗ്ദാനംനൽകി വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്ന ചിത്രങ്ങളെടുക്കുകയും പിന്നീട് പൊലീസിൽ നിന്നാണെന്ന് പറഞ്ഞ് ഭർത്താവിനെ വിളിച്ച് പണം ചോദിക്കുകയും ചെയ്ത വിരുതനെ പൊലീസ് തന്ത്രപരമായി കുടുക്കി. പത്തനംതിട്ട കോഴഞ്ചേരി കണ്ണങ്കര തോടിയാനിക്കൽ സുധീപ് കുഞ്ഞുമോനെ (39) യാണ് കോട്ടയം ഡിവൈ.എസ്‌പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആലുവ സ്വദേശിനിയായ വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെയാണ് യുവാവ് വീട്ടമ്മയുമായി പരിചയപ്പെട്ടത്. തുടർന്ന് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങി. ദിവസങ്ങൾക്കുശേഷം സഹകരണ ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും കോട്ടയത്ത് മൂന്നു ദിവസത്തെ പരിശീലനമുണ്ടെന്നും വിളിച്ചറിയിച്ചു.

എറണാകുളം റെയിൽവെ സ്റ്റേഷനിലെത്തണമെന്നും കൂടെ 14 ഉദ്യോഗാർഥികളുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. സ്റ്റേഷനിലെത്തിയ 51 കാരിയായ വീട്ടമ്മയോട് വൈകിപ്പോയതിനാൽ മറ്റുള്ളവർ പോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞു. തുടർന്ന് അവരേയും കൂട്ടി കോട്ടയത്തെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. തുടർന്ന് മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തു. പിറ്റേന്ന് വീട്ടമ്മ മടങ്ങിപ്പോയി. പിന്നീട് പലതവണ ഇയാൾ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല. ശല്യം സഹിക്കാതെവന്നതിനെ തുടർന്ന് മകൾ ഇയാളെ ഫോണിൽ വിളിച്ച് താക്കീത് ചെയ്തു. ഇതോടെ മകളുടെ ഫോൺ നമ്പർ ലഭിച്ച പ്രതി തന്ത്രപൂർവ്വം ഇടപെട്ട് ഭർത്താവിന്റെ ഫോൺ നമ്പർ കൈക്കലാക്കി.

ഡിവൈ.എസ്‌പി ഓഫീസിൽനിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിളിച്ച് ഭാര്യയുടെ അശ്ലീലചിത്രങ്ങളുമായി പ്രതിയെ പിടിച്ചിട്ടുണ്ടെന്നും കോട്ടയം ഡിവൈ.എസ്‌പി ഓഫീസിൽ അന്വേഷണത്തിന് എത്തണമെന്നും അറിയിച്ചു. ഇന്നലെ രാവിലെ ഭർത്താവും പെൺമക്കളും ഭർത്താക്കന്മാരും ഡിവൈ.എസ്‌പി ഓഫീസിലെത്തിയപ്പോഴാണ് കാര്യങ്ങൾ പൊലീസ് അറിയുന്നത്. ഈ സമയം ഓഫീസിന് സമീപം കാത്തുനിന്ന പ്രതി, ഭർത്താവിനെ വിളിച്ചുകൊണ്ടുപോയി ചിത്രങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പണം ആവശ്യപ്പെട്ട് വീണ്ടും വിളിച്ചു.

തുടർന്ന് നമ്പർ ട്രെയ്‌സ് ചെയ്ത് പ്രതിയുള്ള സ്ഥലം മനസ്സിലാക്കി വെസ്റ്റ് സി.ഐ നിർമ്മൽ ബോസ്, എസ്.ഐ അനൂപ് സി.നായർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ കളക്ടറേറ്റ് വളപ്പിൽനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.