പത്തനംതിട്ട: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒട്ടേറെ മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ മൊട്ട വർഗീസ് എന്ന വർഗീസിനെയാണ് പന്തളം കുന്നുകുഴിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് വെള്ളക്കെട്ടിൽ കമിഴ്ന്നുകിടക്കുന്നനിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് മൊട്ട വർഗീസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകളുമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെത്തി.

കഴിഞ്ഞദിവസം പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വർഗീസും ചില നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽവിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.