ന്യൂഡൽഹി: പ്രതികളുടെയും കുറ്റവാളികളുടെയും ഡിഎൻഎ സാംപിൾ മുതൽ കയ്യക്ഷരം വരെ സമ്പൂർണ വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ പൊലീസിന് അധികാരം നൽകുന്ന നിയമം ഇന്നലെ മുതൽ രാജ്യത്തു പ്രാബല്യത്തിലായി. അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്നവരുടെയും തിരിച്ചറിയൽ വിവരങ്ങൾ 75 വർഷം വരെ സൂക്ഷിക്കാൻ ഉതകുന്നതാണ് പുതിയ നിയമം.

രക്തം ഉൾപ്പെടെ ബയോളജിക്കൽ സാംപിളുകൾ ശേഖരിക്കാനും യഥേഷ്ടം പരിശോധിച്ചു ഫലം സൂക്ഷിച്ചു വയ്ക്കാനും പൊലീസിന് അനുമതി നൽകുന്നുണ്ട്. വിരലടയാളം, കൈപ്പത്തി, കാൽപാട്, ഫൊട്ടോഗ്രഫുകൾ, ഐറിസ്, റെറ്റിന സ്‌കാനുകൾ, രക്തം ഉൾപ്പെടെയുള്ള സാംപിളുകൾ, കയ്യൊപ്പ്, കയ്യക്ഷരം തുടങ്ങിയവ ശേഖരിക്കാം. ഡിഎൻഎ പരിശോധനയ്ക്കും തടസ്സമില്ല. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് ഇവ സൂക്ഷിക്കേണ്ടത്.

കുറ്റവാളികളുടെ വിരലടയാളം, കാൽപാട് എന്നിവ ശേഖരിക്കാൻ അനുമതി നൽകുന്ന 1920ലെ ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് നിയമത്തിലെ വ്യവസ്ഥകളാണ് 102 വർഷത്തിനു ശേഷം ഭേദഗതി ചെയ്തതും പുതിയ നിയമമാക്കിയതും. പുതിയ കാലത്തെ കുറ്റകൃത്യങ്ങൾ തടയാൻ 1920ലെ ക്രിമിനൽ നിയമം സഹായകമല്ലെന്നും പൊലീസിനെ ആധുനികവത്കരിക്കാൻ പുതിയ മാറ്റം ആവശ്യമാണെന്നു പറഞ്ഞാണ് കേന്ദ്രസർക്കാർ പുതിയ നിയമനിർമ്മാണം നടത്തിയത്.

കേസുകളുടെ ഭാഗമായി അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും ബയോമെട്രിക് വിവരങ്ങളും ശരീരസ്രവ സാമ്പിളുകളും ശേഖരിക്കാൻ പുതിയ നിയമം പൊലീസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നുണ്ട്. നിലവിൽ ചുരുക്കം ചില കേസുകളിലെ പ്രതികളുടെ വിരളടയാളങ്ങളും കാൽപാദങ്ങളുടെ അടയാളങ്ങളും മാത്രമാണ് ശേഖരിക്കാൻ പൊലീസിന് അനുമതി ഉണ്ടായിരുന്നത്.

പുതിയ നിയമം അനുസിച്ച് എന്തെല്ലാം വിവരങ്ങൾ പൊലീസിന് ശേഖരിക്കാം?

വ്യക്തികളുടെ വിരളടയാളങ്ങൾ, കൈപ്പത്തിയുടെ അടയാളം, കാലടയാളം, ഫോട്ടോകൾ, കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാൻ, ശരീര സാമ്പിളുകൾ എന്നിവയാണ് പൊലീസിനു ശേഖരിക്കാനാകുന്നത്. കൂടാതെ കൈയൊപ്പുകൾ, കൈയക്ഷരം തുടങ്ങിയവയും പൊലീസ് ശേഖരിക്കും. സിആർപിസി 53ലോ 53എയിലോ പ്രതിപാദിച്ചിട്ടുള്ള മറ്റു പരിശോധനകളും പൊലീസിനു നടത്താനാകും. രക്തം, മുടിയുടെ സാംപിൾ, ശുക്ലം, സ്രവസാമ്പിളുകൾ, ഡിഎൻഎ തുടങ്ങിയവയും പൊലീസിനു ശേഖരിക്കാനാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കു പുറമെ പ്രതികളാകുന്നവർക്കും ഇതു ബാധകമാകും. ഈ വിവരങ്ങൾ നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ 75 വർഷത്തോളം സൂക്ഷിച്ചു വെക്കണമെന്നും സ്വകാര്യത ഉറപ്പു വരുത്തണമെന്നുമാണ് നിർദ്ദേശം.

പൊലീസിനെ ആധുനികവത്കരിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പൊലീസിനു കൂടുതൽ തെളിവുകൾ ലഭ്യമാക്കുക എന്നതാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ പല കേസുകളിലും പ്രതികളാകുന്നവരിൽ 90 ശതമാനത്തിലധികവും ശിക്ഷിക്കപ്പെടുമ്പോൾ ഇന്ത്യയിൽ കൊലപാതകം പോലുള്ള ഹീനകൃത്യങ്ങളിൽ പോലും 50 ശതമാനത്തിൽ താഴെയാണ് ഈ നിരക്കെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും രാജ്യത്ത് പൊലീസ് ഭരണമുണ്ടാകാൻ ഇത് കാരണമാകുമെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പല വിദേശരാജ്യങ്ങളിലും സമാനമായ നിയമങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കാട്ടിയിരുന്നു. എന്നാൽ, ഈ എതിർപ്പെല്ലാം തള്ളിയാണ് പുതിയ നിയമം കേന്ദ്രസർക്കാർ പാസാക്കിയക്.