- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലേയ്ക്ക് പോകുംമുമ്പ് ഹെലികോപ്ടറിൽ നാട് ചുറ്റി; ജയിലിലെ ഭക്ഷണം മോശമായതിനാൽ കൂട്ടുകാർക്കൊപ്പം മദ്യസൽക്കാരം; അടിച്ചുപൊളിച്ച് സ്റ്റൈലായി പ്രതി പൊലീസിന് കീഴടങ്ങി
ന്യൂസിലാൻഡ്: പൊലീസിന് കീഴടങ്ങുന്നതിന് മുമ്പ് ജീവിതം ആഘോഷമാക്കി വ്യത്യസ്തനായിരിക്കുകയാണ് ന്യൂസിലാൻഡിലെ ഒരു കുറ്റവാളി. ജെയിംസ് മാത്യു ബ്രയന്റ് എന്ന കുറ്റവാളിയാണ് നാടകീയമായി അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്. നിരവധി കുറ്റകൃത്യങ്ങൾക്ക് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം. അക്രമാസക്തനായി മറ്റൊരാളെ പരിക്കേൽപ്പിക്കുക, കത്തി കൈവശം സൂക്ഷിക്കുക, കുറ്റകരമായ രീതിയിൽ ഡിജിറ്റൽ ആശയവിനിമയം നടത്തൽ, കോടതിയിൽ ഹാജരാകുന്നതിൽ അലംഭാവം കാണിക്കുക തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് ജെയിംസിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹെലികോപ്ടർ വാടകയ്ക്കെടുത്താണ് ഒളിസങ്കേതത്തിൽ നിന്നും ജയിംസ് അഭിഭാഷകനരികിലെത്തിയത്, ഇവിടെ കക്ക ഇറച്ചിയും ഷാംപെയിനുമടങ്ങിയ വിരുന്ന് സൽക്കാരം ഒരുക്കിയിരുന്നു. ഇതെല്ലാം ആസ്വദിച്ച് ആഘോഷപൂർവമാണ് പൊലീസിന് കീഴടങ്ങിയത്. ജയിലിലെ ഭക്ഷണം തികച്ചും മോശമായിരിക്കുമെന്നും, അതുകൊണ്ട് ചില നല്ല ഓർമ്മകളെങ്കിലും നൽകുന്നതിനു വേണ്ടിയാണ് ജെയിംസിന് വിരുന്ന് ഒരുക്കിയതെന്ന് അഭിഭാഷകനായ ആർതർ ടെയ്ലർ പറഞ്ഞു.
മൂന്ന് ആഴ്ചയായി സൗത്ത് ഐലൻഡിൽ ഒളിവു ജീവിതം നയിക്കുകയായിരുന്നു ജെയിംസ്. എന്നാൽ ഇതിനിടെ ടിവിയിലെ ക്രൈം ഷോയായ പൊലീസ് ടെൻ 7 എന്ന പരിപാടിയിലൂടെ ഇയാൾ പിടികിട്ടാപ്പുള്ളി ആണെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. തുടർന്ന് ജെയിംസിനെ തിരിച്ചറിഞ്ഞ ആരോ വിവരങ്ങൾ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് തനിക്ക് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ജെയിംസ് അവിടെയുള്ള വയാനകർവ സീനിക് റിസർവിലുള്ള തന്റെ സങ്കേതത്തിലേക്ക് മാറുകയും യോഗ ഉൾപ്പെടെയുള്ള ആഭ്യാസമുറകളുമായി എട്ട് ദിവസത്തോളം അവിടെ കഴിച്ചു കൂട്ടുകയും ചെയ്തു. തുടർന്ന് ന്യൂസിലാന്റിലെ പ്രശസ്ത ക്രിമിനൽ അഭിഭാഷകരിൽ ഒരാളായ ആർതർ ടൈലറിനെ ബന്ധപ്പെടുകയായിരുന്നു ഇയാൾ.
ഒടുവിൽ, പൊലീസിന് കീഴടങ്ങിയാൽ ജയിൽ ശിക്ഷാ കാലാവധി കുറക്കാനാവുമെന്ന അഭിഭാഷകന്റെ ഉപദേശം സ്വീകരിച്ചാണ് കീഴടങ്ങാൻ ജെയിംസ് തയ്യാറായത്. തുടർന്ന് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് അഭിഭാഷകന്റെ വീട്ടിൽ പറന്നെത്തുകയായിരുന്നു ജെയിംസ്. കീഴടങ്ങാനായി അവിടെ എത്തിയ ജെയിംസിന് ആഘോഷപൂർവമായ വിരുന്നാണ് ഒരുക്കിയത്. വിരുന്നിൽ 30 കക്കയിറച്ചിയും ഒരു ഷാംപെയിൻ ബോട്ടിലും ജെയിംസ് അകത്താക്കി. ആഘോഷങ്ങൾക്കു ശേഷം ദുനേദിൻ സെൻട്രൽ പൊലീസിനു മുമ്പിൽ ജെയിംസ് കീഴടങ്ങുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കാനും ജെയിംസ് തയ്യാറായി. ഗുച്ചിയുടെ ടീ ഷർട്ടും വേഴ്സസ് സൺഗ്ലാസും അണിഞ്ഞ് ആഡംബരപൂർവമാണ് ജെയിംസ് കീഴടങ്ങാനെത്തിയത്. താൻ ഒളിവിൽ കഴിഞ്ഞാൽ തന്റെ ചെറിയ മകൾക്ക് പ്രശ്നങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കിയാണ് കീഴടങ്ങാൻ ഇയാൾ തയ്യാറായത്.
റുംമേറ്റുമായി ഉണ്ടായ തർക്കത്തിനിടെ ജെയിംസിന്റെ എതിരാളിയുടെ തലയ്ക്ക് കത്തി കൊണ്ട് മുറിവേറ്റിരുന്നു. ഈ കുറ്റകൃത്യം തെളിഞ്ഞാൻ ജെയിംസിന് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. പരിക്കേറ്റയാൾ അക്രമാസക്തനായിരുന്നു എന്നും കുറ്റകൃത്യം ചെയ്യാൻ താൻ പ്രേരിപ്പിക്കപ്പെടുകയായിരുന്നു എന്നുമാണ് ജെയിംസ് പറയുന്നത്. ഇതിനു ശേഷമാണ് ഇയാൾ സൗത്ത് ഐലന്റിലേക്ക് ഒളിവിൽ പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ