തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടവും ക്രമസമാധാന തകർച്ചയുമാണെന്ന് നിയമസഭയിൽ പ്രതിപക്ഷം. ഇത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി നൽകിയില്ല. തുടർന്ന് സഭാനടപടികൾ പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്‌കരിച്ചു. ഈ വിഷയത്തിനിടെ ടിപിക്കേസ് പ്രതികൾക്ക് അടക്കം ശിക്ഷാ ഇളവ് നൽകാനുള്ള മറുനാടൻ വാർത്തയും സഭയിൽ ചർച്ചയായി.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ശിക്ഷ ഇളവിനുള്ള പട്ടിയിലുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി. അനധികൃതമായി ആരുടെയും ശിക്ഷ ഇളവുചെയ്യാൻ സർക്കാർ ശുപാർശ ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിനൽകുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് ഉപയോഗിച്ചശേഷം കൊലപാതകം നടത്തിയവരോ, ലൈഗികപീഡനത്തിനു ശേഷം കൊലപാതകം നടത്തിയവരോ പട്ടികയിലില്ല. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ടിപി വധക്കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നതു തനിക്കിപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സാധാരണഗതിയിൽ 14 വർഷം ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർ ആ കാലാവധി പൂർത്തിയാക്കിയശേഷം മാത്രമാണ് ഇത്തരത്തിലുള്ള ശിക്ഷാ ഇളവിന് പരിഗണിക്കപ്പെടുക. അതേസമയം, അവരെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായുള്ള ഉത്തരവും മുഖ്യമന്ത്രി പറയുന്നില്ല. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടവും ക്രമസമാധാനത്തകർച്ചയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള തീരുമാനവും ശിക്ഷ ഇളവ് ചെയ്ത് പുറത്ത് വിടാനുള്ള തീരുമാനവും പരിശോധിക്കണമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇതിന് സർക്കാർ വഴങ്ങില്ലെന്നാണ് സൂചന. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമപാലകർ കാഴ്ചക്കാരായി നിൽക്കുകയാണ്. ആഭ്യന്തരമന്ത്രിക്ക് ഇവരിൽ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടി.പി, ചന്ദ്രശേഖരൻ വധക്കേസ് ഉൾപ്പെടുയുള്ള കേസുകളിലെ 1850 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത് ഗവർണർ ഇടപെട്ട് തടയുകയായിരുന്നു.

ഈ വിഷയം മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് വ്യാജ വാർത്തയാണെന്ന വാദവും ചില കേന്ദ്രങ്ങൾ ഉയർത്തി. എന്നാൽ മറുനാടൻ വാർത്തയുടെ സത്യാവസ്ഥ ഉൾക്കൊണ്ട് മനോരമ അടക്കമുള്ള മുഖ്യധാരാ മാദ്ധ്യമങ്ങൾ പ്രശ്‌നത്തിൽ ഇടപെട്ടു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്. ഈ സഹാചര്യത്തിലാണ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഇളവ് നൽകുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡം അനുസരിച്ച് ജീവപര്യന്തം ശിക്ഷ ലഭിച്ചവർക്ക് പതിനാല് വർഷം പൂർത്തിയാക്കാതെ ഇളവ് നൽകാൻ കഴിയില്ല. അതുകൊണ്ട് അവരുടെ ഇളവ് സംബന്ധിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ച് വരികയാണ്. 171 പേരെ ഇപ്പോൾ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സംസ്ഥാന സർക്കാർ കേരള പിറവിയുടെ അറുപതാം വാർഷികത്തിന്റെ ഭാഗമായി പ്രത്യേകം അധികാരം ഉപയോഗിച്ചു ശിക്ഷാഇളവ് നൽകാൻ 1850 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്,ഷാഫി, അണ്ണൻ സിജിത്ത്,കെ ഷിനോജ് എന്നിവരെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ രജീഷും കിർമ്മാണി മനോജും അണ്ണൻ സിജിത്തും ഇപ്പോൾ തിരുവനന്തപും സെൻട്രൽ ജയിലിലാണ്. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റം ആവിശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണിവർ. കൊടി സുനിയും കൂട്ടരും വിയ്യൂർ ജയിലിലാണ്. സർക്കാർ മാറിയപ്പോൾ ജയിൽ മാറ്റത്തിന് ഇവരും അപേക്ഷ സമർപ്പിച്ചതായാണ് വിവരം. ഇവരെ കൂടാതെ അൻപതോളം സി പി എം തടവുകാർ ഗവർണർ തള്ളിയ പട്ടികയിൽ ഉണ്ടായിരുന്നു. ഈ പട്ടിക ഗവർണ്ണർ അംഗീകരിച്ചില്ല. ഒപ്പിടാതെ മടക്കി. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുള്ള കണിച്ചുകുളങ്ങര കേസിലെ പ്രതികളായ സജിത്തും ബിനീഷും വരെ പട്ടികയിൽ ഇടം നേടി. 2005 ജൂലൈ 20ന് എവറസ്റ്റ് ചിട്ടിഫണ്ട് ഉടമ ടി ജി രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരെ ആസൂത്രിതമായി വാടക കൊലയാളികളെ ഉപയോഗിച്ച് വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതികളാണിവർ. കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതികളായ മണിച്ചനും സഹോദരൻ വിനോദും പട്ടികയിലുണ്ട്. ഇപ്പോൾ നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ കഴിയുന്ന മണിച്ചനെ നേരത്തെ വിട്ടയയ്ക്കാൻ ജയിൽ ഉപദേശക സമിതിയിൽ വന്ന ശുപാർശ ജില്ലാ ജഡ്ജിയുടെയും പൊലീസ് സുപ്രണ്ടിന്റെയും എതിർപ്പിനെ തുർന്ന് തള്ളപ്പെട്ടിരുന്നു. മണിച്ചന്റെ സഹോദരൻ വിനോദിനെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റവെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചതിനെ തുടർന്ന് കണ്ണൂർ സെന്ററൽ ജയിലിലാക്കുകയായിരുന്നു.

കാരണവർ വധക്കേസിലെ ഷെറിനേയും ഇപ്പോൾ കണ്ണൂർ സെന്ററൽ ജയിലിലുള്ള ഓം പ്രകാശിനേയും പട്ടികയിൽ ഉൾപ്പെടുത്താൻ ജയിൽ വകുപ്പിലെ ഒരു ഉന്നതൻ തന്നെ മുന്നിട്ടിറങ്ങി എന്നാണ് വിവരം. ജയിൽ സുപ്രണ്ടുമാർ നൽകിയ ശുപാർശ ജയിൽ മേധാവി വഴി പരിശോധന സമിതിക്കു മുന്നിൽ വരുന്നതിന് മുൻപ് തന്നെ ഷെറിന്റെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നാണ് വിവരം.അറുപത്തിഅഞ്ചു വയസു കഴിഞ്ഞ വയോധികരെ കൊലപ്പെടുത്തിയവരെ ശിക്ഷ ഇളവ് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം.
ഇതു മനസിലാക്കി ഷെറിൻ കൊലപ്പെടുത്തിയ കാരണവർക്ക് മരിക്കുമ്പോൾ 63 വയസേ ഉണ്ടായിരുന്നുള്ളുവെന്നാണ് സമിതി കണ്ടെത്തൽ. ഓം പ്രകാശിനെ ഉൾപ്പെടുത്താൻ കടുത്ത സമ്മർദ്ദം സമിതിയിക്ക് മേൽ ഉണ്ടയിരുന്നതായാണ് വിവരം. പ്രൊഫണൽ കില്ലേഴ്സിനെ പട്ടികയിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും പ്രത്യേക താൽപര്യത്തിൽ ഓം പ്രകാശിനെയും ഉൾപ്പെടുത്തുകയായിരുന്നു. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ 2015 ൽ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ട ഓം പ്രകാശ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്.

വിട്ടയക്കേണ്ടവരുടെ പട്ടിക പരിശോധിക്കേണ്ട സമിതിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിക്കും നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറിക്കും പുറമെ ജയിൽ ഡി ഐ ജി പ്രദീപും അംഗമായിരുന്നു. സമിതി ശുപാർശ ചെയ്തവരിൽ വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി ശത കോടീശ്വരനായ നിസാമും ഉണ്ടായിരുന്നു. പിന്നീട് കാപ്പ ചുമത്തപ്പെട്ട നിസാം ഉൾപ്പെടയുള്ള 150 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക സർക്കാർ രാജ് ഭവനിലേക്ക് അയച്ചത്. ബലാത്സംഗക്കേസ്, ലഹരി മരുന്ന് കേസ്, രാജ്യദ്രോഹം, വിദേശ തടവുകാർ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമത്തിൽ ശിക്ഷിക്കപ്പെട്ടവർ, വർഗീയ കലാപങ്ങളിൽ പ്രതികളായവർ എന്നിവരെ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ പാടില്ലന്ന ചട്ടത്തിന്റെ നഗ്‌നമായ ലംഘനം സർക്കാരിന്റെ ശുപാർശയിൽ ഉണ്ടായിരുന്നു.