ക്രൈപ്റ്റോകറൻസിയിൽ പണം നിക്ഷേപിച്ച് നേട്ടമുണ്ടാക്കാമെന്ന് ഇനി ആരും സ്വപ്നത്തിൽ പോലും കരുതേണ്ടെന്ന കടുത്ത മുന്നറിയിപ്പുമായി ഈ മേഖലയിലെ പ്രമുഖർ വീണ്ടും രംഗത്തെത്തി. നിലവിലെ പ്രവണതകളുടെ അടിസ്ഥാനത്തിൽ ക്രൈപ്റ്റോ കറൻസികളുടെ മേലുള്ള പ്രതീക്ഷകളെല്ലാം കൈവിട്ടാണ് ധനകാര്യ വിദഗ്ധരും ബാങ്കുകളും മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രമുഖ ബ്രാൻഡുകൾ എല്ലാം ക്രൈപ്റ്റോ വിപ്ലവത്തിൽ നിന്നും പിന്മാറുകയാണ്. അതിനിടെ ബിറ്റ്കോയിൻ തകർച്ച പതിവ് പോലെ തുടരുകയും ചെയ്യുന്നുണ്ട്.

ബിറ്റ് കോയിന് പുറമെ മറ്റ് ക്രൈപ്റ്റോ കറൻസികളായ റിപ്പിൾ, എതേറിയം, തുടങ്ങിയവയുടെ വിലകളും കുത്തനെ ഇടിഞ്ഞ് കൊണ്ടേയിരിക്കുകയാണ്. ഇവയെ ഒഴിവാക്കുന്ന ലെൻഡർമാരുടെയും ഫിനാൻസ് ബോഡികളുടെയും എണ്ണം വർധിക്കുന്ന ഭീതിപെരുകുന്നതാണ് വിലയിടിവിന് പ്രധാന കാരണം. ഇതിനെ തുടർന്ന് തങ്ങളുടെ ഓഫീസുകളിൽ ഒരു ക്രൈപ്റ്റോ കറൻസി ട്രേഡിങ് ഡെസ്‌ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതികളിൽ നിന്നും യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോൾഡ്മാൻ സാക്സ് തീരുമാനിച്ചുവെന്നാണ് ബിസിനനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രൈപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വിലയിൽ ഇന്നലെ രാവിലെ മാത്രം പത്ത് ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. തുടർന്ന് ഇതിന്റെ വില 6419 ഡോളറായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബിറ്റ്കോയിന്റെ വില 19,000 ഡോളറായിരുന്നുവെന്നറിയുമ്പോഴാണ് ഇതിന്റെ വിലയിടിവിന്റെ ആഴം മനസിലാക്കാൻ സാധിക്കുന്നത്. തുടർന്ന് ഈ വർഷം ജൂണിൽ ബിറ്റ്കോയിൻ വിലയിൽ 6.2 ശതമാനം ഇടിവുണ്ടാവുകയും അത് 5887 ഡോളറായിത്തീരുകയും ചെയ്തിരുന്നു. 24 മണിക്കൂർ സമയത്തിനുള്ളിൽ എതേറിയത്തിന്റെ വിലയിൽ 20 ശതമാനം ഇടിവാണുണ്ടായത്.

ഇന്നലെ എതേറിയത്തിന്റെ വില 229.08 ഡോളറാണ്. ലിറ്റെകോയിൻ, റിപ്പിൾ എന്നിവയുടെ വിലയിൽ അടുത്ത ദിവസങ്ങളിൽ ഏഴ് ശതമാനത്തിലധികം ഇടിവാണുണ്ടായിരിക്കുന്നത്. ഗോൾഡ്മാൻ സാക്സ് പോലുള്ള പ്രമുഖ ബാങ്കുകളും ലോകമാകമാനമുള്ള ഗവൺമെന്റ് ഫിനാൻസ് ബോഡികളും ക്രൈപ്റ്റോകറൻസികളുടെ ഭാവിക്ക് മേൽ യാതൊരു പ്രതീക്ഷയും പുലർത്തേണ്ടെന്ന മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ഇതിൽ പണം നിക്ഷേപിക്കാൻ തന്നെ ആരും തയ്യാറാവാത്ത അവസ്ഥയും വർധിക്കുന്നുണ്ട്.

ജൂലൈയിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് കമമീഷൻ ക്രൈപ്റ്റോകറൻസികളോട് മുഖം തിരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് റെഗുലേറ്ററി അഥോറിറ്റികൾ ഇനീഷ്യൽ കോയിൻ ഓഫറിങ്സുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. ക്രൈപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നത് കടുത്ത അപകടമാണെന്ന മുന്നറിയിപ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഉയർത്തുന്നുണ്ട്.