കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട റബർസംഭരണവും വാക്കുകളിൽ ഒതുങ്ങി. വ്യാഴാഴ്ച കോട്ടയം മാർക്കറ്റിൽ 116 രൂപയ്ക്കാണ് ആർഎസ്എസ് നാലാംതരം റബറിന്റെ കച്ചവടം നടന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 50 പൈസ കുറഞ്ഞു. റബർവില ഒരാഴ്ചക്കുള്ളിൽ എട്ടു രൂപയാണ് കുറഞ്ഞത്.

വിലയിടിവ് രൂക്ഷമായ സാഹചര്യത്തിലാണ് വിപണിവിലയേക്കാൾ അഞ്ചു രൂപ ഉയർത്തി റബർ സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ നടപടികളിലേക്ക് നീങ്ങിയിട്ടില്ല. സാമ്പത്തികപ്രതിസന്ധിമൂലം വൈകിയ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്. അപ്പോഴാകട്ടെ, സംഭരണം പ്രഖ്യാപിച്ച സമയത്തെ വിലയേക്കാൾ വീണ്ടും ഇടിയുകയും ചെയ്തു. അതുകൊണ്ട് തന്നെ സംഭരണത്തിന്റെ ഗുണം കർഷകർക്ക് ലഭിക്കുകയുമില്ലെന്നാണ് വിലയിരുത്തൽ

റബർ സംഭരണത്തിന് മതിയായ തുക സർക്കാർ വകയിരുത്തിയിട്ടുമില്ലെന്നാണ് സൂചന. ടയർ കമ്പനികൾ പൂർണമായും വിപണിയിൽ നിന്നും വിട്ടുനിൽക്കുന്നു. തരംതിരിക്കാത്ത റബറിന് ഒരു രൂപ കൂടി ഇടിഞ്ഞ് 111 ലെത്തി. കർഷകർ ഉൽപാദനത്തിൽ നിന്നും വിട്ടുനിന്നിട്ടും ആഭ്യന്തരമാർക്കറ്റിൽ വില ഉയരുന്നില്ല. വിപണിവിലയേക്കാൾ രണ്ടു രൂപ അധികം നൽകി റബർ സംഭരിക്കുമെന്ന ആദ്യവാഗ്ദാനം നടപ്പാക്കാതെയാണ് അഞ്ചു രൂപ ഉയർത്തി സംഭരിക്കുമെന്ന രണ്ടാമത്തെ വാഗ്ദാനം വന്നത്.

എന്നാൽ സർക്കാരിൽ നിന്നും രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാതെ സംഭരണത്തിന് ഇറങ്ങില്ലെന്നാണ് ഏജൻസികളായ മാർക്കറ്റ്‌ഫെഡും റബർമാർക്കും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ റബർ സംഭരണം ഇനിയും വൈകുമെന്നാണ് സൂചന. കൃഷിചെലവും വളത്തിന്റെ വിലയും വെട്ടുകൂലിയും നോക്കുമ്പോൾ റബർ കൃഷി വൻ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്. സംഭരണവില 150 രൂപയായെങ്കിലും നിജപ്പെടുത്തിയാൽ കർഷകർക്ക് അൽപമെങ്കിലും ആശ്വാസമാകും.

സ്വാഭാവിക റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും അവധിവ്യാപാരം അവസാനിപ്പിക്കുകയും വേണമെന്ന ആവശ്യവും കർഷകസംഘടനകൾക്കുണ്ട്.