ന്യൂഡൽഹി: സൗദിയിലും കുവൈറ്റിലുമായി ജോലിനഷ്ടപ്പെട്ട പതിനായിരങ്ങൾ കൊടും പട്ടിണിയിൽ. എണ്ണൂറോളം പേർ മൂന്നുദിവസമായി ആഹാരമൊന്നും ലഭിക്കാതെ അവശരായി കഴിയുകയാണെന്ന ഇന്ത്യക്കാരന്റെ ട്വിറ്റർ സന്ദേശം ലഭിച്ചതോടെ പട്ടിണികിടക്കുന്നവർക്ക് ഉടൻ സഹായമെത്തിക്കാൻ ഇന്ത്യൻ എംബസി അധികൃതരോടും സൗദിയിലേയും കുവൈറ്റിലേയും ഇന്ത്യൻ സമൂഹത്തോടും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ആവശ്യപ്പെട്ടു.

കമ്പനികൾ പൂട്ടിയതുമൂലം ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും പ്രവാസിവൽക്കരണം മൂലം ജോലിയും വരുമാനവും ഇല്ലാതായെന്നും നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.

തൊഴിൽ നഷ്ടപ്പെട്ടതുമൂലം ആയിരങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇവരെ രക്ഷിക്കാൻ ഉണർന്നുപ്രവർത്തിക്കണമെന്നും രാജ്യം എല്ലാ സഹായവും എത്തിക്കുമെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു. സ്വന്തം സഹോദരങ്ങളുടെ രക്ഷയ്‌ക്കെത്താനും പട്ടിണികിടക്കുന്നവർക്ക് ആഹാരവും മറ്റു സഹായങ്ങളുമെത്തിക്കാനും സുഷമ അഭ്യർത്ഥിച്ചു. വൻ പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്്.

ജിദ്ദയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് 15,475 കിലോഗ്രാം ആഹാരസാധനങ്ങൾ എത്തിച്ചുകഴിഞ്ഞു. ഇതിനുപുറമെ മുട്ടയും പലവ്യജ്ഞനവും ഉപ്പും ഉൾപ്പെടെയുള്ള വസ്തുക്കളും നൽകിയെന്ന് അവർ സുഷമയ്ക്ക് മറുപടി ട്വീറ്റ് നൽകി. ഇതുപോലെ നിരവധി സന്ദേശങ്ങളാണ് സുഷമയുടെ അക്കൗണ്ടിൽ എത്തുന്നത്.

ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്ന ക്യാമ്പുകളും തുറന്നിട്ടുണ്ട്. സ്വന്തം സഹോദരങ്ങളെ സഹായിക്കണമെന്ന് സുഷമ സൗദിയിലെ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും സുഷമ ഓർമിപ്പിച്ചു.

മാത്രമല്ല, സൗദിയുടെ തലസ്ഥാനമായ റിയാദിലുള്ള ഇന്ത്യൻ എംബസിയോട് ആ രാജ്യത്തെ തൊഴിലില്ലാത്ത ഇന്ത്യക്കാർക്കു സൗജന്യ റേഷൻ വിതരണം ചെയ്യാൻ ആവശ്യപ്പെട്ട സുഷമ സൗദിയിലും കുവൈത്തിലുമുള്ള ഇന്ത്യക്കാർ ജോലിയും വേതനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നവെന്നും പ്രശ്‌നം അനുദിനം രൂക്ഷമാകുകയാണെന്നുമാണ് പ്രതികരിച്ചത്. വിഷയം ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്യാൻ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഉടൻ യാത്രതിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സൗദിയിലും കുവൈത്തിലുമുള്ള നിരവധി ഇന്ത്യക്കാർക്കു ജോലി നഷ്ടമായിട്ടുണ്ട്. നഷ്ടത്തിലായ ഫാക്ടറികളുൾപ്പെടെ നിരവധി തൊഴിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയപ്പോൾ ജീവനക്കാർക്ക് മാസങ്ങളുടെ ശമ്പളം കുടിശ്ശികയായിരുന്നു. ഇതേത്തുടർന്ന് കുടുംബത്തോടെ താമസിക്കുന്ന നിരവധിപേരുടെ സ്ഥിതി അത്യന്തം പരുങ്ങലിലായി. എന്നാൽ കുവൈറ്റിൽ സ്ഥിതി ഇത്രയും ഗുരുതരമല്ലെന്നാണ് റിപ്പോർ്ട്ടുകൾ.