തിരുവനന്തപുരം: ഇന്ത്യാ വിഷൻ വീണ്ടും പ്രതിസന്ധിയിലേക്ക്. ചാനലിന്റെ എന്റർടെയിന്മെന്റ് എഡിറ്റർ മനീഷ് നാരായണന്റെ രാജിക്ക് പിന്നാലെ 57 പേരാണ് ചാനലിൽ നിന്ന് രാജിക്കൊരുങ്ങുന്നത്. ചാനലിന്റെ വാർത്താ വിഭാഗത്തിൽ നിന്നും ക്യാമറ, വിഷ്വൽ, എഡിറ്റിങ്, ടെക്‌നിക്കൽ വിഭാഗത്തിൽ നിന്നുമാണ് ജീവനക്കാർ കൂട്ട രാജിവയ്ക്കുന്നത്. ചാനലിൽ ഏതാനും വർഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴുള്ള കൂട്ട രാജിയിലേക്കും നയിച്ചതെന്നാണ് സൂചന.

മനീഷ് നാരായണന്റെ രാജിയോടെയാണ് കൂട്ട രാജിയുടെ കഥ വെളിപ്പെടുന്നത്. രണ്ട് വർഷത്തോളമായി ജീവനക്കാരുടെ ഇടയിൽ നിലനിന്നിരുന്ന പ്രതിഷേധം അതിന്റെ പാരമ്യത്തിൽ എത്തിയ അവസ്ഥയിലാണ് കൂട്ടരാജി. മാനേജ്‌മെന്റിന്റെ പിടിപ്പ്‌കേടും സ്ഥാപനത്തിന്റെ നടത്തിപ്പിന് ഡയറക്ടർ ബോർഡ് ചുമതലപ്പെടുത്തിയ ചിലരുടെ അഴിമതിയും മൂലം ഉണ്ടായ പ്രതിസന്ധി ഏതാനും മാസമായി ചാനലിന്റെ പ്രവർത്തനത്തെ പല പ്രശ്‌നങ്ങളിലേക്കും നയിച്ചിരുന്നു. ജീവനക്കാരുടെ പ്രതിഷേധം മാനേജ്‌മെന്റിനെ അറിയിച്ചതിന് വാർത്താ വിഭാഗം തലവനായിരുന്ന എം.പി.ബഷീറിനെയും കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന വി ഉണ്ണിക്കൃഷ്ണനെയും ചുമതലയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് പ്രശ്‌നങ്ങൾ പുറം ലോകം അറിഞ്ഞത്.

ഈ നടപടിയിൽ പ്രതിഷേധിച്ച് ചാനലിന്റെ സിഇഒ. നവീനൻ അന്ന് തന്നെ രാജിവച്ചിരുന്നു. ചാനൽ രൂപീകരണത്തിന്റെ ആദ്യ ആലോചനാ യോഗം മുതൽ പങ്കാളിയായിരുന്ന എ.സഹദേവനും അതോടെ ചാനൽ വിട്ടു. എം പി ബഷീറും ഉണ്ണിക്കൃഷ്ണനും തുടർന്ന് ചാനലിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഇതേ നടപടിയിൽ പ്രതിഷേധിച്ച് ചാനലിലെ അവതാരകനായിരുന്ന എ.സനീഷ്, വാർത്താ വിഭാഗത്തിന്റെ മുഖ്യ ചുമതല ഉണ്ടായിരുന്ന എൻ കെ ഭൂപേഷ്, ചാനലിലെ പ്രമുഖ രാഷ്ട്രീയ പരിപാടി കൈകാര്യം ചെയ്തിരുന്ന സത്യരാജ് തുടങ്ങിയവരും ചാനലിൽ നിന്ന് രാജിവച്ചിരുന്നു.

തുടർന്നുള്ള മാസങ്ങളിലായി വാർത്താ വിഭാഗത്തിൽ നിന്ന് മാത്രം 26 പേരാണ് രാജിവച്ചത്. ചാനലിലെ വാർത്താ അവതാരകരിൽ പ്രമുഖനായിരുന്ന അഭിലാഷ് മോഹനനും രാജിവച്ചു. മറ്റ് വിഭാഗങ്ങളിൽ നിന്നായി 48 പേരും. ഇതിൽ ചാനലിന് ഏറ്റവും ആഘാതമായത് പരസ്യ വിഭാഗത്തിൽ നിന്നുള്ള കൂട്ട രാജിയായിരുന്നു. പരസ്യ വിഭാഗത്തിന്റെ ചുമതല ഉണ്ടായിരുന്ന ഷൈനിന്റെ നേതൃത്വത്തിൽ ആ വിഭാഗത്തിലെ 16 പേർ ചാനൽ വിടുകയായിരുന്നു. അതോടെ ചാനലിന് ഡൽഹി, മുംബൈ, ചെന്നെ എന്നിവിടങ്ങളിൽ പരസ്യ വിഭാഗം പ്രതിനിധികൾ ഇല്ലാത്ത അവസ്ഥയായി. ചെന്നൈ, മുംബൈ ഓഫീസുകൾ അടച്ചു പൂട്ടുകയും ചെയ്തു. ബാങ്കുകളും മറ്റുമായി ബന്ധപ്പെട്ട് താല്കാലിക സാമ്പത്തിക പ്രതിസന്ധികൾ അതിജീവിക്കുന്നതിൽ ശ്രദ്ധ നോക്കിയിരുന്ന ഫിനാൻസ് ചീഫ് രാജഗോപാലും സ്ഥാപനം വിട്ടു. അതോടെ ശമ്പളം എന്നത് കിട്ടാക്കനിയായി.

ഓണനാളിൽ ചാനലിലെ 60 ശതമാനം ജീവനക്കാർക്കും 3 മാസത്തെ ശമ്പളമായിരുന്നു കുടിശിക. ബാക്കിയുള്ളവർക്ക് രണ്ട് മാസവും. ലോകത്തെ എല്ലാ വാർത്താ ചാനലുകളുടെയും വാർത്താദൃശ്യ സ്രോതസായ റോയിട്ടേഴ്‌സ് ഇന്ത്യാവിഷനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ചാനൽ പരിപാടികളുടെ സ്വീകാര്യത അളക്കുന്ന ടാം ഏജൻസി അവരുടെ ലിസ്റ്റിൽ നിന്ന് തന്നെ ചാനലിനെ ഒഴിവാക്കി. ചാനലിലെ പകുതിയോളം പരിപാടികളും അതോടെ നിന്നു. കേരളത്തിലെ പകുതിയോളം പ്രദേശങ്ങളിൽ ചാനലിന്റെ കേബിൾ വിതരണവും അവതാളത്തിലായി.

സംസ്ഥാനത്തെ ആദ്യ വാർത്താ ചാനൽ എന്ന നിലയിലും വാർത്താ വിസ്‌ഫോടനങ്ങളും പല തെരഞ്ഞെടുപ്പുകളേയും നിർണായകമായി സ്വാധീനിച്ച് സംസ്ഥാന ഭരണം നിശ്ചയിച്ചു എന്ന നിലയിലും സ്ഥാനമുള്ള ചാനലിന്റേതാണ് ഈ അവസ്ഥ. നില നിന്ന പത്ത് വർഷത്തിൽ ഒമ്പത് വർഷവും ടാം റേറ്റിംഗിൽ ഒന്നാമതായിരുന്നു ചാനൽ. സാങ്കേതിക സൗകര്യങ്ങളുടെ അഭാവവും സാമ്പത്തിക പ്രതിസന്ധിയും പിന്നീട് ചാനലിനെ പിന്നോട്ട് തള്ളുകയായിരുന്നു. മാസം ഒന്നരക്കോടിയോളം ആണ് ചാനലിന്റെ പ്രവർത്തന ചെലവ്. എന്നാൽ കഴിഞ്ഞ ഓണ മാസത്തിൽ ചാനലിന് ലഭിച്ചത് 34 ലക്ഷം രൂപയാണ്. മറ്റ് വാർത്താ ചാനലുകൾക്ക് ലഭിച്ചത് രണ്ട് മുതൽ അഞ്ച് കോടി വരെയും. ഒമ്പത് വർഷം ഒന്നാം സ്ഥാനത്ത് നിന്ന ചാനലിന് ഇതു വരെയും സ്വന്തമായി ഒരു സെന്റ് ഭൂമിയോ മറ്റ് സൗകര്യങ്ങളോ ഇല്ല. 90 ശതമാനം ഉപകരണങ്ങളും വാടകയ്ക്കും. ഇത്രയും നാൾ ലഭിച്ച വരുമാനം എങ്ങോട്ട് പോയി എന്നാണ് ജീവനക്കാരുടെ ചോദ്യം.

ചാനലിൽ ഷെയർ ഉള്ള ഡയറക്ടർമാർക്ക് ആർക്കും ഇപ്പോൾ സ്ഥാപനത്തിന്റെ നടത്തിപ്പിൽ താല്പര്യം ഇല്ല. കഴിഞ്ഞ ആറ് ഡയറക്ടർ ബോർഡ് മീറ്റിംഗുകളിൽ പങ്കെടുത്തത് മൂന്ന് പേർ മാത്രമാണ്. ഇപ്പോൾ ചെയർമാൻ എന്നവകാശപ്പെടാത്ത, എന്നാൽ രഹസ്യമായി ചെയർമാനായി തുടരുന്ന എം കെ മുനീറും ജമാലുദീൻ ഫറൂക്കിയും ഡോ. ലളിതയും. അപൂർവ്വം യോഗങ്ങളിൽ റോയ് മുത്തൂറ്റും. ചാനലിലെ പ്രമുഖ നിക്ഷേപകരായ ടി വി 9 ഗ്രൂപ്പ് ഉൾപ്പെടെയുള്ളവർ നഷ്ടപ്പെട്ട നിക്ഷേപം എന്ന നിലയിൽ സ്ഥാപനത്തിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല എന്നതാണ് അവസ്ഥ. ചാനൽ തലപ്പത്ത് നാഥനില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ കൂട്ടരാജി.

ചാനലിന് സിഇഒ ഇല്ല, സിഒഒ. ഇല്ല, സിഎഫ്ഒ ഇല്ല. ഇത്തരത്തിൽ നിയമപരമായി ഉണ്ടാകേണ്ട അഞ്ചിലധികം ചുമതലകൾ ഇപ്പോൾ റസിഡന്റ് ഡയറക്ടർ ജമാലുദീൻ ഫറൂക്കി ആണ് വഹിക്കുന്നത്. വെറും മൂന്ന് പേര് മാത്രം പങ്കെടുക്കുന്ന യോഗം ഡയറക്ടർ ബോർഡ് യോഗം എന്ന് രേഖപ്പെടുത്തി മിനിറ്റ്‌സ് ഉണ്ടാക്കിയാണ് ഈ ചുമതലകൾ എല്ലാം കൂടി ഒരാൾ വഹിക്കുന്നത്. ഇതാകട്ടെ കമ്പനി നിയമത്തിന്റെ ലംഘനമാണെന്നും ക്രിമിനൽ നടപടികൾക്ക് ഇടയാക്കിയേക്കാവുന്ന കുറ്റമാണെന്നും നിയമവിദഗ്ദ്ധർ പറയുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വർഷങ്ങളായി പിടിച്ചെടുത്ത ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട്, ആദായ നികുതി എന്നിവ സർക്കാരിലേക്ക് അടയ്ക്കാത്തതും സ്ഥാപനത്തെ ഗുരുതരമായ നിയമ പ്രശ്‌നത്തിൽ കുടുക്കിയിരിക്കുകയാണ്. പരസ്യ വരുമാനത്തിൽ നിന്ന് സർക്കാരിലേക്ക് നല്‌കേണ്ട സ്രോതസിലെ നികുതിയും ഇതിൽ പെടും. ഇവയെല്ലാം കൂടി 20 കോടി രൂപയാണ് കുടിശിക. ഇതിന്റെ പേരിൽ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകൾ ഏതാനും മാസം മുമ്പ് മരവിപ്പിച്ചിരുന്നു. എന്നാൽ തന്റെ മന്ത്രി സ്ഥാന പദവി ഉപയോഗിച്ച് മുനീർ മറ്റ് ചില അക്കൗണ്ടുകൾ വഴി ഇപ്പോൾ ചാനലിന്റെ ദൈനം ദിന കാര്യങ്ങൾ നിയമ വിരുദ്ധമായി കൈകാര്യം ചെയ്യുകയാണ്. ജീവനക്കാർക്കും സർക്കാരിനും നൽകാനുള്ള ഈ വൻ തുക തങ്ങളുടെ നിലനില്പിനെ തന്നെ ബാധിക്കും എന്ന് മനസിലാക്കി ചാനൽ വൈസ് ചെയർമാൻ ആയ റോയ് മുത്തൂറ്റ് ഉൾപ്പടെയുള്ളവർ ചാനലിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കാത്ത കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നാൽ തങ്ങളുടെ ഡയറക്ടർ ഇൻഡക്‌സ് നമ്പർ കമ്പനികാര്യ മന്ത്രാലയം ബ്ലാക് ലിസ്റ്റ് ചെയ്യും എന്നതാണ് അവർ നേരിടുന്ന പ്രശ്‌നം.

മറ്റ് പ്രമുഖ ബിസിനസുകൾ നടത്തുന്ന അത്തരം ഡയറക്ടർമാർ എല്ലാം തന്നെ അങ്കലാപ്പിലാണ്. നൂറു കണക്കിന് കോടി രൂപയുടെ തങ്ങളുടെ മറ്റ് ബിസിനസ് കാര്യങ്ങൾ ഇന്ത്യാവിഷന് മൂലം ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടാൽ പ്രതിസന്ധിയിലാകും എന്നതാണ് അവർ നേരിടുന്ന പ്രശ്‌നം. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാനായി ഡയറക്ടർമാർ തന്നെ സ്ഥാപനം തങ്ങളെ വഞ്ചിച്ചു എന്ന് കാട്ടി വിവിധ കോടതികളിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ചാനലിന്റെ ആസ്ഥാനം നിലനില്ക്കുന്ന പാടിവട്ടത്തെ ടുട്ടൂസ് ടവറിന്റെ ഉടമ ഹൈക്കോടതിയിൽ ചാനലിനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ ഫയൽ ചെയ്തിരിക്കുന്ന കേസ് ഹിയറിംഗിനായി മാറ്റി വച്ചിരിക്കുകയാണ്. വാടകയിനത്തിൽ ലഭിക്കാനുള്ള കോടികൾ ഈടാക്കാൻ ഡയറക്ടർമാരുടെ ആസ്ഥികൾ ജപ്തി ചെയ്യാൻ ഉത്തരവാകണമെന്നും സ്ഥാപനം ഒഴിപ്പിക്കണം എന്നുമാണ് കെട്ടിടം ഉടമയുടെ ഹൈക്കോടതിയോടുള്ള അപേക്ഷ.

ഈ പ്രതിസന്ധികൾക്കിടെയാണ് മറ്റ് ചില സാമ്പത്തിക തട്ടിപ്പുകളും പുറത്ത് വന്നത്. ഇന്ത്യാവിഷനിൽ ഷെയർ നൽകാമെന്നും ഡയറക്ടർ ബോർഡ് അംഗമാക്കാമെന്നും വൈസ് ചെയർമാൻ ആക്കാം എന്നും വരെ വാഗ്ദാനം നല്കി കോടികൾ തട്ടിച്ച കഥകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ 15 കേസുകളാണ് വിവിധ കോടതികളിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. 50 ലക്ഷം മുതൽ 3 കോടി രൂപ വരെയാണ് ഇത്തരത്തിൽ പലരിൽ നിന്നും വഞ്ചിച്ച് എടുത്തിരിക്കുന്നത്. ഒരു പ്രമുഖ പ്രവാസി ഇക്കാര്യത്തിൽ നൽകിയ കേസിൽ കോഴിക്കോട്ടെ രണ്ട് കോടതികൾ ഏതാനും ദിവസം മുമ്പ് വിധി പറഞ്ഞു. മന്ത്രി മുനീറിന്റെ വീട് കണ്ടുകെട്ടാനാണ് ഇതിൽ ഒരു ഉത്തരവ്. വിവിധ കോടതികളിൽ ആയി സിവിലായും ക്രിമിനലായും ഉള്ള സമാന കേസുകളിൽ വരും ദിനങ്ങളിൽ വിധി വരാൻ ഇരിക്കുന്നു. വർഷങ്ങളായി ഗൾഫിൽ നിന്ന് ചാനലിലേക്ക് വന്നു കൊണ്ടിരുന്ന വരുമാനം സ്ഥാപനത്തിൽ എത്താതെ അപഹരിക്കപ്പെട്ടതും പ്രശ്‌നത്തിലായിരിക്കുകയാണ്. ഈ വിവരം പുറത്ത് വന്നതോടെ ചാനലിന്റെ ഗൾഫ് ഫ്രാഞ്ചൈസി സ്ഥാപനവുമായുള്ള കരാർ അവസാനിപ്പിച്ചു. ഈ അവസ്ഥയിലാണ് ചാനലിൽ നിന്ന് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും ഉണ്ടാകുന്നത്.