തിരുവനന്തപുരം: കെ-റെയിലിനു വേണ്ടി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെ കേരളത്തിലെ സിപിഎം ന്യായീകരിക്കുമ്പോൾ, തമിഴ്‌നാട്ടിലെ കർഷകരുടെ ഭൂമി എക്സ്പ്രസ് ഹൈവേക്കുവേണ്ടി ഏറ്റെടുക്കുന്നതിന് എതിരെയുള്ള സമരത്തിലാണ് സിപിഎം കേന്ദ്രഘടകം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കുറുമ്പപാളയം-സത്യമംഗലം എക്സ്പ്രസ്വേക്കേതിരെയാണ് കർഷകർ കഴിഞ്ഞ ഒരു വർഷമായി സമരം നടത്തുന്നത്. ഈ കഴിഞ്ഞ ദിവസം കോയമ്പത്തൂർ ടൗണിൽ നടന്ന കർഷകസമരത്തിന് സിപിഎമ്മിന്റെ ലോക്സഭാംഗമായ പി.ആർ. നടരാജൻ പിന്തുണയുമായി രംഗത്തുവന്നു.

വികസന പ്രവർത്തനങ്ങൾക്കായി കർഷകരുടെ ഭൂമി ഏറ്റെടൂക്കുന്നതിനെതിരായി വിവിധ സംസ്ഥാനങ്ങളിൽ സിപിഎം കർഷകരോടൊപ്പം ചേർന്നു സമരത്തിലാണ്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിന് എതിരായും തമിഴ്‌നാട്ടിൽ എക്സ്പ്രസ്വേക്ക് എതിരായും കർഷകർ നടത്തുന്ന സമരത്തിനോടൊപ്പമാണ് സി പി എം. എന്നാൽ കേരളത്തിൽ കെ-റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെ അനുകുലിച്ചുകൊണ്ട് വീടുവീടാന്തരം ന്യായീകരിച്ചുനടക്കുകയാണ് പാർട്ടി നേതാക്കളും അവർ നേതൃത്വം കൊടുക്കുന്ന മുന്നണിയും. ഒരുവശത്ത് കർഷക പ്രേമം പറയുകയും മറുവശത്തു കർഷക ദ്രോഹം നടത്തുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്ന യാഥാർത്ഥ്യമാണ് പുറത്തു വരുന്നത്.

എക്സ്പ്രസ് വേയ്ക്കുവേണ്ടിയും ഗെയിൽ പൈപ്പുലൈനുവേണ്ടിയും കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് കോയമ്പത്തുർ എംപി യായ നടരാജൻ പറഞ്ഞു. കർഷകരുടെ 3000 ഏക്കറോളം ഭൂമിയാണ് എക്സ്പ്രസ് വേയ്ക്കുവേണ്ടി ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനു പകരം ഫ്‌ളൈഓവറുകൾ നിർമ്മിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനെതിരായുള്ള സമരം നയിക്കുന്ന പാർട്ടി കേരളത്തിൽ അർദ്ധ അതിവേഗ റെയിൽപദ്ധതിയായ സിൽവർ ലൈനിനെ പിന്തുണയ്ക്കുകയാണ്. ഇങ്ങനെ തരാതരം പോലെ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയായി സിപിഎം മാറുന്നുവെന്നതാണ് വസ്തുത.

കെ-റെയിൽ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ എതിർപ്പ് ലഘൂകരിക്കാൻ ഏപ്രിൽ 19 ചൊവ്വാഴ്‌ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ചുള്ള വിശദീകരണയോഗങ്ങളും നടത്താൻ എൽ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. വീടുകൾ കയറിയുള്ള പ്രചാരണങ്ങൾ അടക്കം വീണ്ടും ബോധവൽക്കരണ പരിപാടിക്കൾക്കാണ് മുന്നണി ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനെതിരെ ജനകീയ സമിതികളുടെയും പ്രതിപക്ഷപാർട്ടികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. ഇതിനെ തുടർന്ന് സാമൂഹികാഘാതപഠനം അടക്കമുള്ള പരിപാടിക്കൾ നിർത്തിവച്ചിരിക്കുകയായിരുന്നു. വീണ്ടും അതിർത്തി നിർണയിക്കുന്ന കല്ലുകൾ ഇടുന്നതും സാമൂഹികാഘാത പഠനം തുടരാനുമാണ് സർക്കാർ ആലോചിക്കുന്നത്.

മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധിതിയെ എതിർക്കുന്ന സിപിഎം, കേരളത്തിലെ സിൽവർ ലൈൻ പദ്ധിയെ എന്തിനു ന്യായീകരിക്കുന്നു എന്നാണ് ഇടതുപക്ഷ സഹായാത്രികർ പോലും ചോദിക്കുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ചയും പഠനവും കഴിഞ്ഞാണ് ബുള്ളറ്റ് ട്രെയിൻ പദ്ധിയെ എതിർക്കാൻ തീരുമാനിച്ചത്. എന്നാൽ അതേ പി. ബി. അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് കെ-റെയിലിനു വേണ്ടി വാദിക്കുന്നത്. ഈ വൈരുധ്യങ്ങളെ കുറിച്ച് ചോദിച്ചാൽ പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾക്ക് കൃതൃമായ മറുപടി പോലുമില്ല.

കെ. റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ് നടന്ന കണ്ണൂരിൽ വെച്ച് പറഞ്ഞു. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും കെ റെയിൽ പദ്ധതിയും തമ്മിൽ വ്യത്യാസമുണ്ട്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ സിപിഎം എതിർക്കുന്നു. നഷ്ടപരിഹാരത്തിൽ രണ്ട് പദ്ധതികളം തമ്മിൽ വ്യത്യാസമുണ്ടെന്നൊക്കെയുള്ള മുടന്തൻ ന്യായമാണ് പാവം പാർട്ടി സെക്രട്ടറി കേരളത്തിൽ വെച്ച് പറഞ്ഞത്. പക്ഷേ, ഇത് പറഞ്ഞ് നാക്ക് വായിലിടുന്നതിന് മുമ്പേ, അദ്ദേഹം ഡൽഹിയിൽ പോയി കെ- റെയിലിനെക്കുറിച്ച് പറഞ്ഞതെല്ലാം തിരുത്തിപ്പറഞ്ഞു. ഏപ്രിൽ 13 ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ച് കണ്ണൂരിൽ പറഞ്ഞതെല്ലാം അദ്ദേഹം വിഴുങ്ങി.

പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടിട്ടില്ലെ ന്നും സീതാറാം യെച്ചൂരി പറഞ്ഞു. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നാണ് യെച്ചൂരി ചോദിച്ചത്. പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ സിൽവർ ലൈൻ ഇല്ല വാദമാണ് ചെയ്യൂരി ഇപ്പോൾ ഉന്നയിക്കുന്നത്. അതുകൊണ്ട് അതേ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് യെച്ചൂരി പറയുന്നത്. മഹാരാഷ്ട്രയിലും, തമിഴ് നാട്ടിലും കർഷകരുടെ ഭുമി ഏറ്റെടുക്കുന്നതിനെതിരെ സമരം നടത്തുന്ന യെച്ചൂരിയുടെ പാർട്ടി കേരളത്തിൽ കർഷകരുടെ ഭൂമി വികസനത്തിന് ഏറ്റെടുക്കുന്നതിൽ തെറ്റില്ലെന്ന് വാദിക്കുന്നു.